

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ അര്‍ധ സെഞ്ച്വറിയാണ് ബെംഗളൂരുവിന് കരുത്തായത്.
40 പന്തിൽ നിന്ന് നാല് വീതം സിക്‌സും ബൗണ്ടറികളുമടക്കം 63 റൺസെടുത്ത ക്യാപ്റ്റൻ രജത് പാട്ടിദാറാണ് ആർസിബിയുടെ ടോപ് സ്‌കോറർ. അവസാന ഓവറിൽ വെങ്കിടേഷ് അയ്യരുടെ (29*) വെടിക്കെട്ടും ആർസിബിയെ 200 കടത്തി.
ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ വെടിക്കെട്ട് ഓപ്പണർ ഫിൽ സാൾട്ടിന്റെ (0) വിക്കറ്റ് നഷ്ടത്തോടെയായിരുന്നു ആർസിബിയുടെ തുടക്കം. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലി - ദേവ്ദത്ത് പടിക്കൽ സഖ്യം വെറും 17 പന്തിൽ നിന്ന് 45 റൺസ് ചേർത്തതോടെ ആർസിബി സ്‌കോർ കുതിച്ചു. എന്നാൽ മൂന്നാം ഓവറിൽ പടിക്കലും (7 പന്തിൽ 14), അഞ്ചാം ഓവറിൽ കോഹ്ലിയും പുറത്തായതോടെ ആർസിബി പ്രതിരോധത്തിലായി. 16 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 32 റൺസെടുത്ത് മികച്ച തുടക്കം ലഭിച്ച കോഹ്ലിക്ക് രവി ബിഷ്‌ണോയിയുടെ ഗൂഗ്ലിക്ക് മുന്നിൽ പിഴച്ചു.
പിന്നാലെ ക്രുണാൽ പാണ്ഡ്യ (1), ജിതേഷ് ശർമ (5), ടിം ഡേവിഡ് (13) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ആർസിബിയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. ഇതിനിടെ രജത് പാട്ടിദാറിന്റെ ഇന്നിങ്‌സാണ് സ്‌കോറിങ് റേറ്റ് അധികം താഴാതെ കാത്തത്. റൊമാരിയോ ഷെപ്പേർഡ് 11 പന്തിൽ നിന്ന് 22 റൺസെടുത്തു. അവസാന ഓവറിൽ തകർത്തടിച്ച ഇംപാക്റ്റ് പ്ലെയർ വെങ്കടേഷ് അയ്യരാണ് ആർസിബി സ്‌കോർ 201-ൽ എത്തിച്ചത്. 15 പന്തുകൾ നേരിട്ട വെങ്കടേഷ് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 29* റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ, രവി ബിഷ്‌ണോയ്, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: IPL 2026, RR vs RCB: Rajat Patidar plays captain’s knock, helps Royal Challengers Bengaluru post 201/8 vs Rajasthan Royals