സംപ്രേക്ഷണത്തില്‍ അനിശ്ചിതത്വം! ഫുട്ബോൾ ലോകകപ്പ് ഇന്ത്യയില്‍ ലൈവായി കാണാൻ കഴിയില്ല?

ടൂർണമെന്‍റ് ആരംഭിക്കാൻ വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിലെ മീഡിയ അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ല

സംപ്രേക്ഷണത്തില്‍ അനിശ്ചിതത്വം! ഫുട്ബോൾ ലോകകപ്പ് ഇന്ത്യയില്‍ ലൈവായി കാണാൻ കഴിയില്ല?
dot image

ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ആരാധകർ ആശങ്കയിൽ. കാൽപ്പന്തിന്റെ ലോകമാമാങ്കം ഇന്ത്യയിൽ തത്സമയം കാണാൻ സാധിക്കുമോ എന്ന കാര്യത്തിലാണ് ഇപ്പോൾ ആശങ്ക നിലനിൽക്കുന്നത്. ടൂർണമെന്‍റ് ആരംഭിക്കാൻ വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിലെ മീഡിയ അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ല.

ജൂൺ 12ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, സംപ്രേക്ഷണാവകാശം ആരും ഏറ്റെടുക്കാത്തത് ഇന്ത്യൻ ഫുട്ബോൾ പ്രേമികളെ കടുത്ത നിരാശയിലും ആശങ്കയിലും ആഴ്ത്തിയിരിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 ന​ഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ചരിത്രത്തിലാദ്യമായി ടീമുകളുടെ എണ്ണം 32ൽ നിന്നു 48 ആയി ഉയർത്തിയാണ് ഇത്തവണത്തെ പോരാട്ടം.

കഴിഞ്ഞ മാസമാണ് ബ്രോഡ്കാസ്റ്റിങ് റൈറ്റ്സ് സംബന്ധിച്ച വിവരങ്ങൾ ഫിഫ പുറത്തുവിട്ടത്. ഏഷ്യൻ മാർക്കറ്റുകളുടെ ആദ്യ പട്ടികയിൽ ഇന്ത്യയുണ്ടായിരുന്നില്ല. ജപ്പാൻ, ഇന്തോനേഷ്യ, സിം​ഗപൂർ, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളുണ്ട്. പിന്നാലെ പുതുക്കിയ പട്ടിക വന്നപ്പോഴും ഇന്ത്യയുടെ പേരില്ല.

ഫിഫയുടെ കണക്കനുസരിച്ച് ഖത്തർ ലോകകപ്പിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്ന് ഇന്ത്യയായിരുന്നു. ഇന്ത്യയിലെ ആകെ മീ‍ഡിയ പങ്കാളിത്ത 745 മില്ല്യൺ ആയിരുന്നു. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുണ്ടായ വ്യൂവർഷിപ്പ് 167 മില്ല്യണുമായിരുന്നു.

2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിനായി ഫിഫ ആദ്യം നിശ്ചയിച്ചിരുന്നത് 100 ദശലക്ഷം ഡോളറായിരുന്നു. എന്നാൽ വാങ്ങാൻ ആരും മുന്നോട്ട് വരാത്തതിനെത്തുടർന്ന് ഈ തുക 35 ദശലക്ഷം ഡോളറായി (ഏകദേശം 290 കോടി രൂപ) ഫിഫ കുറച്ചു. ഇത്രയും വലിയ വിലക്കുറവ് നൽകിയിട്ടും സ്റ്റാർ സ്പോർട്‌സ്, സോണി സ്പോർട്‌സ്, യൂറോ സ്പോർട്‌സ്, ഫാൻകോഡ് തുടങ്ങിയ പ്രമുഖ ചാനലുകളൊന്നും കരാറിലെത്താൻ താൽപ്പര്യം കാണിച്ചിട്ടില്ലെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

2022ലെ ഖത്തർ ലോകകപ്പിന്‍റെ അവകാശം വയാകോം18 സ്വന്തമാക്കിയിരുന്നത് 62 ദശലക്ഷം ഡോളറിനായിരുന്നു (ഏകദേശം 450 കോടി രൂപ). എന്നാൽ നിലവിലെ വിപണി സാഹചര്യത്തിൽ അത്തരമൊരു തുക മുടക്കാൻ ആരും തയ്യാറല്ലെന്നാണ് സൂചന.

Content Highlights: FIFA world cup 2026: Media rights remain unsold in India

dot image
To advertise here,contact us
dot image