

ഐപിഎല്‍ 2026ലെ ഏറ്റവും മികച്ച ത്രില്ലർ ഫിനിഷിങ് പ്രകടനത്തിനായിരുന്നു കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷിയായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ലഖ്‌നൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ കെകെആർ ഉയര്‍ത്തിയ 182 വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 128 റൺസിന് ഏഴ് എന്ന നിലയില്‍ നില്‍ക്കെയാണ് 21കാരനായ മുകുൾ ചൗധരി ക്രീസില്‍ അവതരിച്ചത്. അവസാന നാലോവറില്‍ 54 റണ്‍സ് വേണമെന്നിരിക്കെ 26 പന്തില്‍ 54 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചത് മുകുള്‍ ചൗധരി നടത്തിയ ഒറ്റയാന്‍ പ്രകടനമായിരുന്നു.
വിജയത്തിനുശേഷം എങ്ങനെയാണ് ചൗധരിയെ ടീമിലേക്ക് കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ. കെകെആറിന്റെ ഡാറ്റാ അനലിസ്റ്റായ ശ്രീനിവാസാണ് മുകുൾ ചൗധരിയെ ടീമിലേക്ക് എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ലാംഗർ പറഞ്ഞത്. മുകുളിനെ ടീമിലെടുത്തതിന്റെ എല്ലാ ക്രെഡിറ്റും കെകെആറിന്റെ ഡാറ്റാ അനലിസ്റ്റിനാണെന്നും മുൻ ഓസീസ് ഓപ്പണർ കൂടിയായ ലാംഗർ പറഞ്ഞു.
'ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു പരിശീലന ക്യാമ്പിലാണ് മുകുളിനെ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ഡാറ്റാ അനലിസ്റ്റ് ശ്രീനിവാസാണ് ഇവന്‍റെ കാര്യത്തിൽ ഏറെ നിർബന്ധം പിടിച്ചത്. കോച്ച്, നമുക്ക് ഈ പയ്യനെ എങ്ങനെയായാലും ടീമിലെടുക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് താരലേലത്തിൽ ലഖ്‌നൗ മുകുളിനെ വിളിക്കുന്നത്' ലാംഗര്‍ വ്യക്തമാക്കി.
30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ കടുത്ത മത്സരത്തിനൊടുവിൽ 2.6 കോടി രൂപയ്ക്കാണ് ലഖ്‌നൗ സ്വന്തമാക്കിയത്. മുകുളിന്‍റെ കായികക്ഷമതയെയും മത്സരബുദ്ധിയെയും ജസ്റ്റിൻ ലാംഗർ പ്രശംസിച്ചു. 'വിക്കറ്റുകൾക്കിടയിലുള്ള മുകുളിന്‍റെ ഓട്ടം വിരാട് കോഹ്‌ലിയെപ്പോലെ അതീവ വേഗതയുള്ളതാണ്. വെറും 22 വയസ്സുകാരനാണെങ്കിലും 300 മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനെപ്പോലെയാണ് അവൻ കളിയെക്കുറിച്ച് സംസാരിക്കുന്നത്. ടിം ഡേവിഡ്, ആന്ദ്രേ റസ്സൽ എന്നിവരെപ്പോലെ കളി ഫിനിഷ് ചെയ്യാനുള്ള അതിയായ ആഗ്രഹം മുകുളിനുണ്ട്. അവന്‍റെ കണ്ണുകളിൽ ആ വിജയദാഹം കാണാം', ലാംഗര്‍ കൂട്ടിച്ചേർത്തു.
Content Highlights: LSG's analyst pushed Justin Langer to get Mukul Choudhary on board for IPL 2026