

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ മൂന്നാം പരാജയം. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ 43 റണ്‍സിനാണ് സിഎസ്‌കെ പരാജയം വഴങ്ങിയത്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയ്ക്ക് 19. 4 ഓവറില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്. ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
25 പന്തിൽ 8 ഫോറും 2 സിക്‌സും പറത്തി സർഫറാസ് ഖാൻ അർധ സെഞ്ച്വറി (50) നേടി ടോപ് സ്കോററായി. 29 പന്തിൽ 6 ഫോറും ഒരു സിക്‌സും സഹിതം 43 റൺസെടുത്ത പ്രശാന്ത് വീർ, 16 പന്തിൽ 4 ഫോറും 2 സിക്‌സും തൂക്കി 37 റൺസെടുത്ത ജാമി ഓവർടൻ, 12 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 19 റൺസെടുത്ത അൻഷുൽ കാംബോജ് എന്നിവർ മാത്രമാണ് പൊരുതിയത്. മറ്റാരും തിളങ്ങിയില്ല.
മലയാളി താരം സഞ്ജു സാംസണ്‍ തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. താരം 9 റണ്‍സുമായി മടങ്ങി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് (7), കഴിഞ്ഞ കളിയിൽ തിളങ്ങിയ യുവ താരം ആയുഷ് മാത്രെ (1) എന്നിവരും വൻ പരാജയമായതോടെ സിഎസ്കെ തുടക്കം തന്നെ തകർന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തു. ആര്‍സിബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. ചെന്നൈ ബോളര്‍മാരെ ആര്‍സിബി പറപ്പിക്കുന്ന കാഴ്ചയാണ് ചിന്നസ്വാമിയില്‍ കാണാന്‍ സാധിച്ചത്. തോല്‍വിയോടെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുമ്പോള്‍ രണ്ടാം ജയത്തോടെ ആര്‍സിബി ഒന്നാം സ്ഥാനത്തേക്ക് കയറി.
Content Highlights: IPL 2026: Royal Challengers Bengaluru win to hand Chennai super kings third consecutive defeat in new season