

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ നാളെ ആരംഭിക്കാൻ പോവുകയാണ്. ഇത്തവണത്തെ സീസണിൽ 10 ടീമുകളും താരസമ്പന്നമായതിനാൽ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. മലയാളി താരം സഞ്ജു സാംസൺ ചെന്നെെ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയതോടെ ടീമിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുന്നവർ ഏറെയാണ്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില് മലയാളികളുടെ അഭിമാനതാരത്തെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ചും സിഎസ്കെയിലെ സാന്നിധ്യത്തെ കുറിച്ചും മനസുതുറക്കുകയാണ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴും ഇന്ത്യൻ ടീമിൽ തന്റെ സഹതാരമായിരുന്ന തന്നോട് ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ച് സഞ്ജു ചോദിച്ചറിയാറുണ്ടായിരുന്നെന്നാണ് റുതുരാജ് പറയുന്നത്. ചെന്നൈ സൂപ്പർ കിങ്സിൽ സഞ്ജുവിന്റെ സാന്നിധ്യം കൂടുതൽ കരുത്തേകിയിട്ടുണ്ടെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റുതുരാജ് മനസുതുറന്നത്.
'സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് വന്നത് ടീമിനെ വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് ടീമിനെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു. സിഎസ്കെയുടെ സംസ്കാരത്തെയും അന്തരീക്ഷത്തെയും കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. അത് അനുഭവിച്ചുതന്നെ അറിയണമെന്നാണ് അപ്പോൾ ഞാൻ അവനോട് പറഞ്ഞത്'
'ഞാനും സഞ്ജുവും ഒരുപാട് കാലമായി അടുത്ത സുഹൃത്തുക്കളാണ്. ഇന്ത്യൻ ടീമിനൊപ്പം ഞങ്ങൾ ഇരുവരും ഏതാണ്ട് സമാനമായ യാത്രകളിലൂടെയാണ് കടന്നുപോയത്. ഉയർച്ചകളും താഴ്ചകളും നേരിട്ട്, അത് ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കി. അവസരം ലഭിച്ചാൽ സിഎസ്കെയിലെത്തുമെന്ന് അന്ന് സഞ്ജു പറഞ്ഞിരുന്നു'
'സഞ്ജുവിന്റെ മനോഭാവമാണ് ഏറ്റവും ശ്രദ്ധേയം. ഒരിക്കലും ക്യാപ്റ്റൻ ആകാനല്ല അദ്ദേഹം ചെന്നൈയിലെത്തിയത്. ടീമിന് വേണ്ടി സംഭാവന ചെയ്യാനാണ് അവൻ വന്നത്. സംസാരങ്ങൾ കടുപ്പമായിരുന്ന സമയങ്ങളിലും ഞങ്ങൾ ബന്ധം നിലനിർത്തി. അവൻ ഇവിടെ എത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ചെന്നൈയുടെ ഭാഗമാകുന്നതിലുള്ള ആവേശത്തിലാണ് സഞ്ജു ഇപ്പോൾ', റുതുരാജ് കൂട്ടിച്ചേർത്തു.
Content Highlights: IPL 2026: Ruturaj Gaikwad about Sanju Samson’s inclusion in the Chennai Super Kings squad