

ഐ പി എല്ലിൽ ഏറ്റവും ജനപ്രിയമായ ഫ്രാഞ്ചൈസികളിലൊന്നായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ 16,700 കോടി രൂപയ്ക്ക് ആദിത്യ ബിർള ഗ്രൂപ്പും സംഘവും സ്വന്തമാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന വാർത്ത. രാജസ്ഥാൻ റോയൽസിനെ പുതിയ ഉടമകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് ആർസിബിയുടെ ഈ കൈമാറ്റം.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി വിൽപ്പന സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരികയായിരുന്നു. 2026 ഐപിഎല്‍ സീസണിന് ശേഷമായിരിക്കും കൈമാറ്റം നടക്കുക. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.
അതേ സമയം ടീമിന്‍റെ പുതിയ ചെയർമാൻ ആര്യമൻ വിക്രം ബിർളയും ഈ കൈമാറ്റത്തോടപ്പം ചർച്ചയായിരിക്കുകയാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനായ ആര്യമാൻ വെറുമൊരു വ്യവസായി മാത്രമല്ല, പ്രൊഫഷണൽ ക്രിക്കറ്റര്‍ കൂടിയാണ്.
മുൻപ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്നു ആര്യമാൻ ബിർള. 2018-ലെ ഐപിഎല്‍ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ ആര്യമാന്‍ ബിര്‍ളയെ ടീമിലെടുത്തത്.
മലയാളി താരം സഞ്ജു സാംസണൊപ്പം രാജസ്ഥാനില്‍ ആര്യമാന്‍ ഡ്രസ്സിംഗ് റൂം പങ്കിട്ടുണ്ട്. ചില മത്സരങ്ങളില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയതൊഴിച്ചാല്‍ ആര്യമാന് ആദ്യ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. 2020 സീസണിന് മുന്നോടിയായി രാജസ്ഥാന്‍ ആര്യമാനെ റിലീസ് ചെയ്തു.
മധ്യപ്രദേശിന് വേണ്ടിയാണ് ആര്യമൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 9 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെ 414 റൺസും 3 ഏകദിന മത്സരങ്ങളിൽ നിന്ന് 36 റൺസും മാത്രമാണ് നേടിയത്.
2019ല്‍ ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത ഇടവേളയെടുത്ത ആര്യമാന്‍ പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. 2019ല്‍ ഒരു ട്വീറ്റിലൂടെയാണ് ആര്യമാന്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളടെുക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്.
2023 ഫെബ്രുവരിയില്‍ ആര്യമാനെയും സഹോദരി അനന്യ ബിര്‍ളയെയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന്‍റെ ഡയറക്ടര്‍മാരായി നിയമിച്ചിരുന്നു. ആര്‍സിബിയുടെ പുതിയ ഉടമകളായതോടെ ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ കൂടിയായ ആര്യമാൻ ഇനി ആർസിബിയുടെ ചെയർമാൻ കൂടിയായിട്ടാണ് പ്രവർത്തിക്കുക.
Content Highlights: aryaman birla rcb owner 30 lakh player to 16700 crore deal