

ഐപിഎൽ 2026 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസം എം എസ് ധോണിയുടെ ഐപിഎല്‍ ഭാവിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. ഐപിഎൽ 2026 മഹേന്ദ്ര സിംഗ് ധോണിയുടെ അവസാന സീസണായിരിക്കുമെന്നും ഇതിന് ശേഷം താരം പൂർണ്ണമായും മെന്റർ റോളിലേക്ക് മാറാനാണ് സാധ്യതയെന്നും ഉത്തപ്പ പറഞ്ഞു. ജിയോ ഹോട്ട്സ്റ്റാറിൽ സംസാരിക്കവേയായിരുന്നു ഉത്തപ്പയുടെ പ്രതികരണം.
"ധോണി ഇത്തവണ കൂടുതൽ 'ഹാന്റ്സ് ഓഫ്' രീതിയിലായിരിക്കും ടീമിനെ സമീപിക്കുക. ഐപിഎൽ 2026 ധോണിയുടെ അവസാന സീസണായിരിക്കും. ഈ വർഷം ഒരു പ്ലെയർ കം മെന്റർ റോളിലായിരിക്കും ധോണി കളിക്കുക. അദ്ദേഹം ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് എട്ടാം നമ്പറിലേക്ക് മാറിയേക്കാം. വിരമിക്കലിന് മുന്നോടിയായി ടീമിലെ തന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരാനും ടീമിൽ നിന്ന് പടിപടിയായി മാറിനിൽക്കാനുമുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണിത്. എങ്കില്‍ മാത്രമേ റുതുരാജ് ഗെയ്ക്വാദ് എന്ന ക്യാപ്റ്റന്റെ പൂര്‍ണ്ണമായ കഴിവ് പുറത്തുവരൂ", ഉത്തപ്പ വ്യക്തമാക്കി.
"ധോണിയുടെ നിഴലിൽ നിന്ന് മാറി സ്വന്തം കരുത്തിൽ തിളങ്ങാൻ റുതുരാജിന് സമയം നൽകണം. എന്നാൽ അത് പരാജയപ്പെടുകയാണെങ്കിൽ, ടീമിനെ നയിക്കാൻ സഞ്ജു സാംസൺ അവിടെയുണ്ട്," റോബിൻ ഉത്തപ്പ ചൂണ്ടിക്കാണിച്ചു.
Content Highlights: Robin Uthappa believes IPL 2026 will be MS Dhoni's last as a player