

തന്റെ ഗൗരവക്കാരായ ഇമേജിനെയും, അതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തമാശകളെയും കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ വ്യക്തിത്വത്തെക്കുറിച്ചും മൈതാനത്തെ ഭാവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്. തന്റെ ചിരിയെക്കുറിച്ചും ഗൗരവമുള്ള ഭാവങ്ങളെക്കുറിച്ചും വരുന്ന മീമുകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും അത് ആസ്വദിക്കാറുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. 'സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇതേക്കുറിച്ച് തമാശകള്‍ പറയുന്നത് ഞാന്‍ കാണാറുണ്ട്. രാജ്യത്തെ ഏറ്റവും ഗൗരവമുള്ള മനുഷ്യന്‍ ഒടുവില്‍ ചിരിച്ചു എന്നൊക്കെ എഴുതിവരുമ്പോള്‍ എനിക്കും ചിരി വരാറുണ്ട്. ആളുകള്‍ അതില്‍ സന്തോഷം കണ്ടെത്തുന്നുവെങ്കില്‍ അത് നല്ല കാര്യമല്ലേ. പക്ഷെ സത്യം എന്തെന്നാല്‍, മൈതാനത്തിറങ്ങുമ്പോള്‍ എനിക്ക് കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്.' -ഗംഭീര്‍ പറഞ്ഞു.
മൈതാനത്തിന് പുറത്ത് താന്‍ സാധാരണക്കാരെപ്പോലെ തമാശകള്‍ ആസ്വദിക്കുന്ന ആളാണെങ്കിലും, മത്സരസമയത്ത് തന്റെ ശ്രദ്ധ മുഴുവന്‍ വിജയിക്കുന്നതിലാണെന്ന് ഗംഭീര്‍ വ്യക്തമാക്കി. 'ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു പരിശീലകനായിരിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ നമ്മുടെ ചുമലിലുണ്ട്. അവിടെ എനിക്ക് വെറുതെ ചിരിച്ചുകൊണ്ടിരിക്കാന്‍ കഴിയില്ല. കളി ജയിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ ഡ്രസ്സിങ് റൂമിലും സുഹൃത്തുക്കള്‍ക്കൊപ്പവും ഞാന്‍ സാധാരണപോലെ സന്തോഷിക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്നയാളാണ്.' -ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കളത്തിലെ ഗൗരവം ടീമിന് പ്രചോദനമാകാനും ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കാനും സഹായിക്കുമെന്നും, എന്നാല്‍ ടീമിനുള്ളില്‍ കളിക്കാര്‍ക്ക് കൃത്യമായ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
content highlights: "When a Serious Man Smiles…": Gautam Gambhir Enjoys Memes About His Rare Smile