

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിന് ശേഷമുള്ള നാളുകളെയും താൻ നേരിട്ട വെല്ലുവിളികളെ കുറിച്ചും മനസുതുറന്ന് ഇന്ത്യൻ താരവും ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ. ഗുരുതരമായ പരിക്കിന് ശേഷം തനിക്ക് ഏഴ് കിലോ ഭാരക്കുറവ് ഉണ്ടായെന്നും, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 2026ലെ ഐപിഎല്ലിന് മുന്നോടിയായി നിലവിലെ റണ്ണറപ്പായ പഞ്ചാബ് കിംഗ്സിന്റെ ജേഴ്സി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രേയസ്.
'പരിക്കിന് ശേഷം തിരിച്ചുവരുകയെന്നത് എപ്പോഴും വലിയ വെല്ലുവിളിയാണ്. ഓസ്ട്രേലിയന്‍ പരമ്പരയിലുണ്ടായ ഗുരുതരമായ പരിക്കിന് ശേഷം എനിക്ക് ഏഴ് കിലോ കുറഞ്ഞു, ഭാരം വീണ്ടെടുക്കാന്‍ വളരെയധികം കഷ്ടപ്പെട്ടു' ശ്രേയസ് അയ്യർ പറഞ്ഞു.

'രണ്ട് മാസത്തിന് ശേഷം ശാരീരികക്ഷമത വീണ്ടെടുക്കാൻ സാധിച്ചു. എന്നാൽ നഷ്ടപ്പെട്ട 7 കിലോ ഭാരം തിരികെ കൊണ്ടുവരുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ വെല്ലുവിളികള്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണ്ടത് നേടാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ആ മോശം ഘട്ടത്തെ അതിജീവിച്ച് വീണ്ടും എന്റെ ടീമിനെ പ്രതിനിധീകരിക്കാൻ എത്തിയതിൽ ഞാൻ അഭിമാനിക്കുന്നു', ശ്രേയസ് അയ്യർ വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിൽ നിന്ന് മാറ്റിയ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്സിനെ ഫൈനൽ വരെ എത്തിക്കാൻ ശ്രേയസിന് സാധിച്ചിരുന്നു. ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടാണ് ശ്രേയസിന്റെ പഞ്ചാബ് അടിയറവ് പറഞ്ഞത്. കഴിഞ്ഞ ജനുവരിയിൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് ശ്രേയസ് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലും ശ്രേയസ് ഇന്ത്യൻ ടീമിനായി കളിച്ചിരുന്നു. മാർച്ച് 31ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ ഈ സീസണിലെ ആദ്യ മത്സരം.
Content Highlights: IPL 2026: Punjab Kings captain Shreyas Iyer reveals the challenges after his return from injury