'ഇത്തവണ കാര്യങ്ങൾ കൂടുതൽ കഠിനമാകും, ഒരു നിമിഷം പോലും കളയാനില്ല'; ടീമം​ഗങ്ങളോട് കോഹ്‌ലി

സീസണിന് മുന്നോടിയായി തന്റെ ടീമം​ഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആർസിബിയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി

'ഇത്തവണ കാര്യങ്ങൾ കൂടുതൽ കഠിനമാകും, ഒരു നിമിഷം പോലും കളയാനില്ല'; ടീമം​ഗങ്ങളോട് കോഹ്‌ലി
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് റോയൽ ചലഞ്ചഴ്സ് ബെംഗളൂരു. മാർച്ച് 28ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ആർസിബി പ്രീസീസൺ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സീസണിന് മുന്നോടിയായി തന്റെ ടീമം​ഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആർസിബിയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി.

ഇത്തവണ കാര്യങ്ങൾ കൂടുതൽ കഠിനമാകുമെന്നാണ് കോഹ്‌ലി സഹതാരങ്ങളോട് താക്കീത് ചെയ്തത്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ ഇത്തവണ ടീമിന്റെ മേൽ അധികസമ്മർദ്ദം ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും പാഴാക്കാതെ കഠിന പരിശീലനം തുടരണമെന്നും കോഹ്‌ലി പറഞ്ഞു.

'കഴിഞ്ഞ വർഷം നേടിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞ രണ്ടോ മൂന്നോ സീസണുകളിൽ നമ്മൾ ശരിക്കും കഠിനാധ്വാനം ചെയ്തു. എന്നാൽ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി കഠിനമാകും. കാരണം മറ്റ് ടീമുകൾ നമ്മളെ ശക്തമായ രീതിയിലായിരിക്കും നേരിടാനൊരുങ്ങുന്നത്', കോഹ്‌ലി പറഞ്ഞു.

'ഈ ദിവസങ്ങൾ പാഴാക്കാതെ നമ്മൾ മുന്നോട്ട് തന്നെ പോകണം. അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ സ്വിച്ച് ഓൺ ചെയ്യുക. നമ്മൾ പങ്കെടുക്കുന്ന ഏതൊരു സെഷന്റെയും ഒരു മിനിറ്റ് പോലും പാഴാക്കരുത്. ഇനിയുള്ള രണ്ടര മാസത്തേക്ക് നമ്മുടെ 120 ശതമാനവും നമ്മൾ നൽകണം', കോഹ്‌ലി കൂട്ടിച്ചേർത്തു.

രണ്ടു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം 2025ൽ ആദ്യമായി കിരീടം ഉയർത്തിയ റോയൽ ചാലഞ്ചഴ്സ് ബെംഗളുരു, ഈ സീസണിൽ ലക്ഷ്യം വെക്കുന്നത് കിരീടം നിലനിർത്തലാണ്. മാർച്ച് 28ന് നടക്കുന്ന ഐപിഎൽ 2026 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആർസിബി വച്ചു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlights: ‘It’s going to get tougher’; Virat Kohli warns RCB teammates ahead of IPL 2026

dot image
To advertise here,contact us
dot image