

കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഐപിഎൽ കിരീടം ഇത്തവണ സ്വന്തമാക്കുമെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. 2026ലെ ഐപിഎല്ലിന് മുന്നോടിയായി നിലവിലെ റണ്ണറപ്പായ പഞ്ചാബ് കിംഗ്സിന്റെ ജേഴ്‌സി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രേയസ്. തന്റെ മേലുള്ള പ്രതീക്ഷകൾ വലിയ വെല്ലുവിളിയാണെന്നും എന്നാൽ ആ വെല്ലുവിളികൾ തനിക്ക് ഇഷ്ടമാണെന്നും അയ്യർ പറഞ്ഞു.
'മൈതാനത്തിറങ്ങുമ്പോൾ ജയിക്കുകയാണ് ഏറ്റവും പ്രധാന കാര്യം. എന്റെ മനസ്സ് കിരീടത്തിൽ മാത്രമാണ്', പുതിയ സീസണിന് മുന്നോടിയായി ശ്രേയസ് അയ്യർ പറഞ്ഞു.
2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ സീസണിൽ പഞ്ചാബിനെ അവരുടെ ചരിത്രത്തിലെ തന്നെ രണ്ടാം ഐപിഎൽ ഫൈനലിൽ എത്തിച്ചു. എന്നാൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അടിയറവ് പറയേണ്ടി വന്നു. എന്നാൽ ഇത്തവണ ഫൈനലെന്ന കടമ്പയും ടീം മറികടക്കുമെന്നാണ് ശ്രേയസ് അയ്യർ പ്രതീക്ഷിക്കുന്നത്. മാർച്ച് 31ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബ് കിങ്‌സിന്റെ ഈ സീസണിലെ ആദ്യ മത്സരം.
Content Highlights: 'My eye is on the trophy': Punjab Kings Captain Shreyas Iyer Ahead Of IPL 2026