

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയെങ്കിലും അത് അംഗീരിക്കാൻ ചില പാകിസ്താൻ ഇതിഹാസങ്ങൾ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം മുന്‍ പാക് താരങ്ങളായ ഷൊയ്ബ് അക്തര്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ അടക്കം ഇന്ത്യ ലോകകപ്പ് തട്ടിയെടുത്തതാണെന്നടക്കമുള്ള രീതിയിൽ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ പാകിസ്താനിൽ നിന്നുള്ള ചിലരെങ്കിലും ഇന്ത്യയെ വിജയത്തെ അംഗീകരിക്കുന്നുണ്ട്. ഇന്ത്യയുടെ വിജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം കുറ്റങ്ങള്‍ കണ്ടെത്തുന്നത് അവസാനിപ്പിക്കണമെന്ന് മുന്‍ താരം മുഹമ്മദ് വസീം തുറന്നടിച്ചു. ഇതിഹാസ താരം ജാവേദ് മിയാന്‍ദാദും ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ പ്രശംസിച്ചു.
'ഇന്ത്യയോട് തോല്‍ക്കുമ്പോഴോ അവര്‍ വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങുമ്പോഴോ കുറ്റങ്ങള്‍ കണ്ടെത്താനും ഗൂഢാലോചന സിദ്ധാന്തങ്ങള്‍ മെനയാനുമാണ് നമ്മള്‍ ശ്രമിക്കാറുള്ളത്. അത് അവസാനിപ്പിക്കണം. അവര്‍ മികച്ച ടീമാണെന്ന് അംഗീകരിക്കുകയും നമ്മുടെ തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നേറുകയും വേണം.' വസീം പറഞ്ഞു.
ഇന്ത്യയുടെ വിജയത്തിന് പിന്നിലെ കൃത്യമായ പ്ലാനിംഗിനെയും ഘടനയെയും ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ് പ്രശംസിച്ചു. ഇന്ത്യയിലെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണ് മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫും ഇന്ത്യയുടെ വിജയത്തെ പ്രശംസിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ കളിച്ചു ശീലിച്ചതാണ് ഇന്ത്യന്‍ താരങ്ങളുടെ കരുത്തെന്നും തുടര്‍ച്ചയായി ഫൈനലുകളില്‍ എത്തുന്നതാണ് ഇതിന് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം ഇന്ത്യ ആധിപത്യം പുലര്‍ത്തിയപ്പോള്‍, പാകിസ്താൻ സൂപ്പര്‍ 8 ഘട്ടത്തില്‍ പുറത്തായി.
Content Highlights: former pakistan players praise india world cup win