

റയീസ് എന്ന ഷാരൂഖ് ഖാൻ സിനിമയിലൂടെ ഇന്ത്യൻ സിനിമയിലേക്കെത്തിയ പാക് താരമാണ് മാഹിറ ഖാന്‍. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. തനിക്ക് മലയാളം സിനിമ വളരെ ഇഷ്ടമാണെന്നും മലയാളം സിനിമകൾ കാണാറുണ്ടെന്നും നടി മുൻപ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് മാഹിറ ഖാൻ. കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാഹിറ ഖാന്‍ കാമറ ക്രൂവിനോട് സംസാരിക്കവെയാണ് മലയാള സിനിമയെക്കുറിച്ച് സംസാരിച്ചത്.
'എനിക്ക് മലയാള സിനിമയില്‍ അഭിനയിക്കണം. എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്‍ഡസ്ട്രിയാണ്. എന്റെ കാഴ്ചപ്പാടില്‍ സൗത്ത് ഏഷ്യയില്‍ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്നത് അവിടെയാണ്. കണ്ടന്റടക്കം എല്ലാ തലത്തിലും. മലയാളം സിനിമ എല്ലാവരും കാണണം. ഞാന്‍ തെലുങ്ക്, തമിഴ് സിനിമകളെക്കുറിച്ചല്ല പറയുന്നത്. ഉറപ്പായും മലയാള സിനിമ എല്ലാവരും കണ്ടിരിക്കണം. അവരുടെ പ്രമേയവും സംവിധാനവും ലൈറ്റിങ്ങും നമ്മളെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ ഞാന്‍ ഈ പറയുന്നത് തെറ്റായിരിക്കും. മലയാളം സിനിമകള്‍ ബോളിവുഡിന് വിറ്റ് നല്ല പണമുണ്ടാക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്', മാഹിറയുടെ വാക്കുകൾ.

പാകിസ്താനിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മാഹിറ. 41-കാരിയായ നടി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബോളിവുഡില്‍ സജീവാകാന്‍ തയ്യാറെടുക്കവെയാണ് പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് വരുന്നത്. തുടർന്ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനും ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു.
Content Highlights: Mahira Khan has praised Malayalam cinema, stating that it is her favorite film industry and urging viewers to explore Malayalam films. Her comments highlight the growing international appreciation for Malayalam storytelling, known for its strong narratives and realistic filmmaking style.