

2026 ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ ഫൈനലിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇറങ്ങിയത് അടുത്ത ബന്ധുവിന്‍റെ വിയോഗത്തിനിടെയാണ്. ലോകകപ്പ് ഫൈനലിന് തലേദിവസമാണ് താരത്തിന്‍റെ പ്രിയപ്പെട്ട രണ്ടുപേർ മരണപ്പെടുന്നത്. ഇഷാന്‍റെ സഹോദരീ തുല്യയായ അടുത്ത ബന്ധുവും അവരുടെ ഭര്‍ത്താവും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ഇഷാന്റെ പിതാവ് പ്രണവ് പാണ്ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ ലോകകപ്പ് വിജയം മരണപ്പെട്ട സഹോദരിക്ക് സമർപ്പിക്കുകയാണ് ഇഷാൻ കിഷൻ. ഈ സ്വപ്‌നനേട്ടത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു തന്റെ സഹോദരിയെന്നും ഈ വിജയം അവൾക്ക് സമർപ്പിക്കുന്നുവെന്നും ഇഷാൻ വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം വാഹനപകടത്തിൽ എന്റെ കസിൻ സഹോദരിയെ എനിക്ക് നഷ്ടപ്പെട്ടു. ഞാൻ അവൾക്കുവേണ്ടി നന്നായി കളിച്ചു. ഇതിനെ കുറിച്ച് ഹാർദിക് ഭായിയോട് സംസാരിച്ചിരുന്നു. ടീമിനൊപ്പം തുടരാൻ അദ്ദേഹം പറഞ്ഞു. ഈ വിജയം ഞാൻ അവൾക്ക് സമർപ്പിക്കുന്നു. വനിതാദിനത്തിലെ ഈ വിജയം കുറച്ചുകൂടി സ്പെഷ്യലായിരിക്കും', ഇഷാൻ കിഷൻ വ്യക്തമാക്കി.
മാർച്ച് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിന് പ്രിയപ്പെട്ട രണ്ടുപേരുടെ വേര്‍പാടിന്‍റെ കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുമ്പോളായിരുന്നു ഇഷാന്‍ കിഷന്‍ എത്തിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവേയായിരുന്നു കുടുംബം അപകടത്തിൽപെടുന്നത്. ദമ്പതികളുടെ ആറ് മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഫൈനല്‍ കാണാനായി വെള്ളിയാഴ്ച, അഹമ്മദാബാദിലേക്ക് പോകാന്‍ ഒരുങ്ങുമ്പോളായിരുന്നു ഇഷാന്‍റെ പിതാവും ദുരന്തവാര്‍ത്ത അറിയുന്നത്.
ഉടൻ തന്നെ ഇഷാൻ കിഷന്റെ കുടുംബം ബന്ധുവീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇഷാന്റെ അച്ഛൻ പ്രണവ് പാണ്ഡെ ഫൈനൽ കാണാൻ അഹമ്മദാബാദിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഫൈനലിന് പങ്കെടുക്കാതെ കുടുംബത്തോടൊപ്പം ചേരുകയായിരുന്നു. ഇഷാനും വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ടീമിനൊപ്പം തുടരാൻ അച്ഛൻ ആവശ്യപ്പെടുകയായിരുന്നു.
Content Highlights: Ishan Kishan dedicates T20 World Cup title win to sister who 'died a day before final'