IPL പുതിയ സീസൺ തുടങ്ങുന്നത് മാർച്ച് 28 ന്, ഫൈനൽ മെയ് 31 ന്, മത്സരക്രമം ഉടൻ

മെയ് 31-നായിരിക്കും കലാശപ്പോരാട്ടം.

IPL പുതിയ സീസൺ തുടങ്ങുന്നത് മാർച്ച് 28 ന്, ഫൈനൽ മെയ് 31 ന്, മത്സരക്രമം ഉടൻ
dot image

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎല്‍) പത്തൊൻപതാം സീസൺ മാർച്ച് 28-ന് ആരംഭിക്കും. നേരത്തെ മാർച്ച് 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാർച്ച് 28-ലേക്ക് മാറ്റാൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ തീരുമാനമെടുത്തു. മെയ് 31-നായിരിക്കും കലാശപ്പോരാട്ടം.

അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാത്തതാണ് ഐപിഎൽ മത്സരക്രമം വൈകാൻ കാരണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ ഹോം മത്സരങ്ങൾ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്.

തെരഞ്ഞെടുപ്പ് തീയതികൾ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മത്സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും.

നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഉൾപ്പെടുന്ന ഉദ്ഘാടന മത്സരത്തിന്‍റെ വേദിയെച്ചൊല്ലിയാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്.

കഴിഞ്ഞ ജൂണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ കിരീടവിജയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ മരിക്കാനിടയായ സംഭവം വലിയ വിവാദമായിരുന്നു.

ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി ആർസിബിയുടെ ഹോം മത്സരങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാൻ സാധ്യതയുണ്ട്. ഇതിനായി നവി മുംബൈ, റായ്‌പൂർ, പുനെ നരഗങ്ങളാണ് പരിഗണിക്കുന്നത്.

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ആർസിബി മാനേജ്‌മെന്റ് ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ വേണമോ അതോ പകരം വേദികൾ കണ്ടെത്തണമോ എന്ന കാര്യത്തിൽ അടുത്ത ആഴ്ച തീരുമാനമുണ്ടാകും.

Content Highlights:IPL 2026 delayed because of assembly elections, season likely to begin on March 29:

dot image
To advertise here,contact us
dot image