

ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതോടെ ചരിത്രം കുറിച്ച് ശ്രീലങ്കൻ ഓപ്പണർ പതും നിസ്സങ്ക. 52 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് നിസ്സങ്ക അടിച്ചെടുത്തത്. അഞ്ച് സിക്സും 10 ബൗണ്ടറിയും നിസ്സങ്കയുടെ ബാറ്റില്‍ നിന്ന് പിറന്നു.
ഇതോടെ ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡും പതും നിസ്സങ്കയ്ക്ക് സ്വന്തമായി. ഇതിനുമുൻപ് ഒരിക്കലും ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ഒരു താരം മൂന്നക്കം തികച്ചിട്ടില്ല. 2014ലെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ ഉമര്‍ അക്മല്‍ നേടിയ 94 റണ്‍സായിരുന്നു ഇതുവരെ ഓസ്ട്രേലിയയ്ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
സെഞ്ച്വറി നേടിയതോടെ മറ്റൊരു ചരിത്രനേട്ടവും നിസ്സങ്ക സ്വന്തം പേരിലാക്കി. 52 പന്തില്‍ സെഞ്ച്വറിയിലെത്തിയ പാതും നിസങ്ക ടി20 ക്രിക്കറ്റിൽ ശ്രീലങ്കൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന സ്വന്തം റെക്കോര്‍ഡിനൊപ്പമെത്തി. കഴിഞ്ഞ ഏഷ്യാ കപ്പിലും നിസങ്ക ഇന്ത്യക്കെതിരെ 52 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. 44 പന്തില്‍ സെഞ്ചുറി നേടിയ കുശാല്‍ പെരേരയാണ് ടി20 ക്രിക്കറ്റില്‍ വേഗതയേറിയ സെഞ്ച്വറി നേടിയ ലങ്കന്‍ താരം.
അതേസമയം നിസ്സങ്കയുടെ സെഞ്ച്വറിക്കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീലങ്ക. പല്ലേക്കല്ലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയയെ ലങ്ക മുട്ടുകുത്തിച്ചത്. ഓസ്ട്രേലിയയെ 181 റണ്‍സിന് ഓള്‍ഔട്ടാക്കിയ ലങ്ക മറുപടി ബാറ്റിങ്ങില്‍ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു.
Content Highlights: T20 World Cup 2026, AUS vs SL: Pathum Nissanka Makes History With T20 World Cup Century