

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്ന പാകിസ്താൻ സർക്കാരിന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐസിസി. ബംഗ്ലാദേശിനെ പുറത്താക്കിയതിന് ശേഷമാണ് പാകിസ്താന്റെ തീരുമാനം. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്താൻ തീരുമാനിച്ചത്.
ശ്രീലങ്കയില്‍ നടക്കുന്ന ബാക്കി മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് അനുവാദം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇതേക്കുറിച്ചുള്ള ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. എന്നാൽ മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത് ഐസിസിയുമായും ബിസിസിഐയുമായും ഒപ്പിട്ട കരാറുകളുടെ ലംഘനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളാണ് ഐസിസി സ്വീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ നിന്ന് പാകിസ്താനെ പൂർണമായി വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് സാമ്പത്തികമായ തിരിച്ചടിയും ഉണ്ടാവും. ഐസിസിയിൽ നിന്ന് ലഭിക്കേണ്ട വാർഷിക വരുമാനമായ 34.5 ദശലക്ഷം ഡോളർ (316 കോടിയോളം ഇന്ത്യൻ രൂപ) തടഞ്ഞുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാല്‍ സംപ്രേക്ഷണാവകാശമുള്ള ജിയോ-സ്റ്റാർ കമ്പനിക്കുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം പിസിബി നല്‍കേണ്ടി വരും. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഈ ഒരൊറ്റ മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 38 ദശലക്ഷം ഡോളറിന്റെ (ഏകദേശം 320 കോടി രൂപ) നിയമനടപടി ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Content Highlights: T20 World Cup: ICC warns Pakistan Over India Match Boycott