

ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻസി തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ മുൻ താരം യുവരാജ് സിങ്. പരിക്കേറ്റ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സിന് പകരം ഇഷാന്‍ കിഷനെ നായകനായി തിരഞ്ഞെടുത്ത ഹൈദരാബാദ് മാനേജ്മെന്റിന്റെ തീരുമാനമാണ് യുവിയെ ചൊടിപ്പിച്ചത്. തന്റെ ശിഷ്യന്‍ കൂടിയായ അഭിഷേക് ശർമയെ അവഗണിച്ചതിനെതിരെ സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് യുവരാജ് തുറന്നടിച്ചത്.
'കഴിഞ്ഞ ഏഴ് വര്‍ഷമായി അഭിഷേക് ശര്‍മ്മ ഹൈദരാബാദിനായി കളിക്കുന്നു. ആ ടീമിനായി തന്റെ ഹൃദയവും ആത്മാവും നല്‍കി മികച്ച പ്രകടനമാണ് അഭിഷേക് പുറത്തെടുക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബ് ടീമിനെ നയിച്ച മികച്ച പരിചയസമ്പത്തും അവനുണ്ട്. എന്നിട്ടും കമ്മിന്‍സിന്റെ അഭാവത്തില്‍ അവനെ ക്യാപ്റ്റനായി പരിഗണിച്ചില്ല എന്നത് നിരാശാജനകമാണ്,' യുവരാജ് സ്‌പോര്‍ട്‌സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പരിക്കുമൂലം സീസണിന്റെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അഭിഷേക് സൺറൈസേഴ്സിന്റെ നായകനായേക്കുമെന്ന് സീസണിന് മുന്നോടിയായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എങ്കിലും അപ്രതീക്ഷിതമായാണ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഈ സീസണില്‍ ടീമിലെത്തിയ ഇഷാന്‍ കിഷനെ മാനേജ്മെന്റ് നായകനായി പ്രഖ്യാപിച്ചത്. അഭിഷേകിനെ വൈസ് ക്യാപ്റ്റനായാണ് നിയമിച്ചത്. കിഷന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടിരുന്നു.
Content Highlights: IPL 2026: Yuvraj Singh on Sunrisers Hyderabad’s Abhishek Sharma captaincy snub