'ബോളിങ്ങിന്റെ ക്രെഡിറ്റ് ആ സ്പെഷ്യല്‍ പേഴ്സണുള്ളതാണ്'; തുറന്നുപറഞ്ഞ് നിതീഷ് കുമാർ റെഡ്ഡി

സൺറൈസേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നിതീഷ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി

'ബോളിങ്ങിന്റെ ക്രെഡിറ്റ് ആ സ്പെഷ്യല്‍ പേഴ്സണുള്ളതാണ്'; തുറന്നുപറഞ്ഞ് നിതീഷ് കുമാർ റെഡ്ഡി
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മികച്ച ഓൾറൗണ്ട് പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം നിതീഷ് കുമാർ റെഡ്ഡി കാഴ്ച വെച്ചത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങി സൺറൈസേഴ്സിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നിതീഷ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. ഇപ്പോഴിതാ തന്‍റെ ഈ വിജയത്തിന് പിന്നിൽ ഒരു 'സ്പെഷ്യൽ പേഴ്സൺ' ഉണ്ടെന്നും ബോളിങ്ങിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുള്ളതാണെന്നും മത്സരശേഷം തുറന്നുപറഞ്ഞിരിക്കുകയാണ് നിതീഷ്.

'ബോളിങ്ങിൽ എനിക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ പരിക്കുകൾ അതിന് അനുവദിച്ചില്ല. ഭാഗ്യവശാൽ ഈ സീസണിന് മുൻപ് എനിക്ക് കുറച്ച് സമയം ലഭിച്ചു. ഒരു പ്രത്യേക വ്യക്തിക്കൊപ്പം ഒരാഴ്ച പരിശീലനം നടത്തി. അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങൾ എനിക്ക് വലിയ ഗുണം ചെയ്തു', നിതീഷ് മാധ്യമങ്ങളോടായി പറഞ്ഞു.

ആ സ്പെഷ്യൽ പേഴ്സൺ ആരാണെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ നിതീഷ് ഒരു പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞു, 'അത് ആരാണെന്ന് ഇപ്പോൾ പറയില്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് വെളിപ്പെടുത്താം'. ഇതോടെ നിതീഷിന്‍റെ തിരിച്ചുവരവിന് പിന്നിലെ ആ 'സ്പെഷ്യൽ പേഴ്സൺ' ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നിർണായക പ്രകടനമാണ് നിതീഷ് കാഴ്ച വെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ട്രാവിസ് ഹെഡും അഭിഷേക് ശർമയും നൽകിയ മികച്ച തുടക്കത്തിന് ശേഷം ഹൈദരാബാദ് 118/4 എന്ന നിലയിൽ പതറിയപ്പോഴാണ് നിതീഷ് ക്രീസിലെത്തിയത്. 24 പന്തിൽ നിന്ന് 39 റൺസ് നേടിയ നിതീഷ് ഹെൻറിച്ച് ക്ലാസനൊപ്പം (52) 82 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി. ഇതോടെയാണ് ഹൈദരാബാദ് സ്കോർ 226 റൺസിൽ എത്തിയത്. രണ്ട് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബോളിംഗിലും നിതീഷ് തിളങ്ങി.

Content Highlights: IPL 2026: SRH's Nitish Kumar Reddy credits 'special person' for bowling transformation

dot image
To advertise here,contact us
dot image