

'കൈതി' എന്ന കാർത്തി ചിത്രത്തിൽ അൻപ് എന്ന ക്രൂരനായ വില്ലനെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടനാണ് അർജുൻ ദാസ്. തന്റെ ഘനഗാംഭീര്യമായ ശബ്ദം കൊണ്ട് വളരെ പെട്ടെന്നാണ് അർജുൻ ദാസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. ആക്ഷൻ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച അർജുൻ ദാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൺസ് മോർ. ഇതുവരെയുള്ള കരിയറില്‍ നിന്നും മാറി റൊമാന്റിക് കോമഡി ഴോണറിലാണ് അർജുൻ ദാസ് ഇത്തവണ എത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു.
'ഇന്ദ്ര' എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആണ് റിലീസായിരിക്കുന്നത്. ഹനാൻ ഷാ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിൽ തമിഴ്, മലയാളം വരികൾ കടന്നുവരുന്നുണ്ട്. അർജുൻ ദാസ്, സോന ഓലിക്കൽ എന്നിവരാണ് അഭിനയിക്കുന്നത്. അരുൺ അലട്ട്, വിഘ്നേഷ് ശ്രീകാന്ത് എന്നിവരാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. അതിഥി ശങ്കർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിഘ്‌നേഷ് ശ്രീകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകുന്നത്. മില്യൺ ഡോളർ സ്റ്റുഡിയോസിന്റെ ബാനറിൽ യുവരാജ് ഗണേശൻ ആണ് വൺസ് മോർ നിർമിക്കുന്നത്. ചിത്രം 2026 സമ്മർ റിലീസായി പുറത്തിറങ്ങും.
പവൻ കല്യാൺ ചിത്രം ഒജി ആണ് അവസാനമായി പുറത്തുവന്ന അർജുൻ ദാസ് ചിത്രം. ചിത്രത്തിന്റെ റിലീസ് സെപ്‍തംബര്‍ 25നായിരുന്നു. ആദ്യ ദിവസം തന്നെ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ ഒജി ആഗോളതലത്തില്‍ 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിച്ചത്.
Content Highlights: Arjun Das film Once More new song out now, hanan shah vocals with Hisham abdul wahab music