'സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി ജോൺ

സ്പീക്കറെ പ്രചാരണ പരിപാടികളില്‍ നിന്ന് വിലക്കണമെന്നാണ് പരാതിയില്‍ പറയുന്നത്

'സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി ജോൺ
dot image

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ചവറ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുജിത്ത് വിജയന്‍പിളളയ്ക്കുവേണ്ടി സ്പീക്കര്‍ റോഡ് ഷോ നടത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്പീക്കര്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും തുടര്‍ന്നുളള പ്രചാരണ പരിപാടികളില്‍ നിന്ന് സ്പീക്കറെ വിലക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് ഷിബു ബേബി ജോണ്‍ പരാതി നല്‍കിയത്. സ്പീക്കര്‍ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഷംസീര്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.

ചവറയിലെ സുജിത്ത് വിജയന്‍പിളളയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ എ എന്‍ ഷംസീര്‍ പങ്കെടുത്തിരുന്നു. പ്രചാരണത്തിന്റെ റോഡ് ഷോ നയിച്ചത് ഷംസീറായിരുന്നു. രാവിലെ കൊട്ടുകാട്ടില്‍ നിന്നും ആരംഭിച്ച റോഡ് ഷോ മുഖംമൂടിമുക്ക്, ആറുമുറിക്കട, വലിയത്തുമുക്ക്, പറമ്പിമുക്ക്, പണിക്കത്തുമുക്ക്, മൂക്കനാട്ട്മുക്ക്, തേവലക്കര, ചേനങ്കരമുക്ക്, പടപ്പനാല്‍, കോയിവിള ഭരണിക്കാവ് എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി കൂഴംകുളം മുക്കിലാണ് അവസാനിച്ചത്.

തന്നെ പ്രചാരണത്തില്‍ നിന്ന് വിലക്കണം എന്ന് യുഡിഎഫ് പറയുന്നത് പേടിച്ചിട്ടാണ് എന്നായിരുന്നു പരാതിയില്‍ എ എന്‍ ഷംസീറിന്റെ പ്രതികരണം. യുഡിഎഫിന് തോല്‍ക്കുമെന്ന ഭയമാണെന്നും തന്നെ മത്സരിപ്പിച്ചിട്ടില്ലെന്ന് സങ്കടപ്പെട്ടവര്‍ ഇപ്പോള്‍ താന്‍ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ഭയപ്പെടുകയാണ് എന്നാണ് ഷംസീര്‍ പറഞ്ഞത്. 'തെരഞ്ഞെടുപ്പിനെ ലീഡ് ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്നും സ്പീക്കര്‍ പദവി നന്നായി ആസ്വദിച്ചെന്നും ഷംസീര്‍ പറഞ്ഞു. കാരായി രാജന്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണെന്നും ഷംസീര്‍ പറഞ്ഞു. ജി സുധാകരനെ പാര്‍ട്ടി ഒരുപാട് പരിഗണിച്ചിട്ടുണ്ട്, അദ്ദേഹം പാര്‍ട്ടിയെ വഞ്ചിച്ച് പോകരുതായിരുന്നു, എല്ലാവര്‍ക്കും മത്സരിക്കാന്‍ കഴിയില്ല. ടി കെ ഗോവിന്ദന്‍ മാഷെ പാര്‍ട്ടി പരിഗണിച്ചിട്ടുണ്ട്. സ്ഥാനം കിട്ടാതെ പോകുന്നത് അവസരവാദികളാണ്'- എ എന്‍ ഷംസീര്‍ പറഞ്ഞു.

Content Highlights: A N Shamseer should be banned from campaigning; Shibu Baby John complaint to Election Commission

dot image
To advertise here,contact us
dot image