

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്താൻ സർക്കാരിന്റെ പ്രഖ്യാപനത്തിൽ മൗനം വെടിഞ്ഞ് പാക് ടീം ക്യാപ്റ്റൻ സൽമാൻ അലി ആഗ. ഇന്ത്യയുമായി കളിക്കില്ലെന്ന സർക്കാരിന്റെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെയും തീരുമാനത്തിൽ കളിക്കാർക്ക് പങ്കില്ലെന്നാണ് സൽമാൻ ആഗ പറഞ്ഞത്. ലാഹോറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് ക്യാപ്റ്റൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നില്ല എന്നത് ഞങ്ങളുടെ തീരുമാനമല്ല. ഞങ്ങൾക്ക് അതിൽ ഒന്നും ചെയ്യാനുമില്ല. സർക്കാരും പിസിബി ചീഫും എന്ത് നിർദ്ദേശിക്കുന്നുവോ അത് പിന്തുടരുകയാണ് ഞങ്ങൾ ചെയ്യുന്നത്', സൽമാൻ ആഗ മാധ്യമങ്ങളോട് പറഞ്ഞു.
ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക് പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാകിസ്താൻ തീരുമാനിച്ചത്. ശ്രീലങ്കയില്‍ നടക്കുന്ന ബാക്കി മത്സരങ്ങളിലെല്ലാം പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് അനുവാദം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഇതേക്കുറിച്ചുള്ള ഔദ്യോഗികമായി അറിയിപ്പ് പിസിബിയിൽ നിന്ന് ലഭിച്ചിട്ടില്ല. എന്നാൽ മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത് ഐസിസിയുമായും ബിസിസിഐയുമായും ഒപ്പിട്ട കരാറുകളുടെ ലംഘനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി ആവശ്യപ്പെട്ടു.
ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളാണ് ഐസിസി സ്വീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ നിന്ന് പാകിസ്താനെ പൂർണമായി വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്.
Content Highlights: Pakistan captain Salman Agha breaks silence on Pakistan’s decision to boycott the IND vs PAK match in T20 World Cup 2026