'ഇം​ഗ്ലണ്ടിൽ പരമ്പര സമനിലയായത് വലിയ കാര്യമൊന്നുമല്ല'; ​ഗംഭീറിനെ വിമർശിച്ച് മുൻ താരം

'രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, അതിന് മുമ്പ് വിരാട് കോഹ്‍ലി എന്നിവരുടെ ശ്രമഫലമായാണ് ഇന്ത്യയ്ക്ക് മികച്ചൊരു ടീമുണ്ടായത്'

'ഇം​ഗ്ലണ്ടിൽ പരമ്പര സമനിലയായത് വലിയ കാര്യമൊന്നുമല്ല'; ​ഗംഭീറിനെ വിമർശിച്ച് മുൻ താരം
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ​ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ താരം മനോജ് തിവാരി. ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സമനിലയാക്കിയത് വലിയ നേട്ടമൊന്നുമല്ലെന്നാണ് തിവാരിയുടെ വാക്കുകൾ. ​ഗംഭീർ അല്ലായിരുന്നു പരിശീലകനെങ്കിലും ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യ വിജയിക്കുമായിരുന്നുവെന്നും തിവാരി കൂട്ടിച്ചേർത്തു.

'ഇം​ഗ്ലണ്ടിൽ ഇന്ത്യൻ യുവനിര ടെസ്റ്റ് പരമ്പര വിജയിച്ചത് തന്റെ മികവുകൊണ്ടാണെന്ന് ​ഗംഭീർ അവകാശപ്പെടുന്നു. എന്നാൽ എന്റെ അഭിപ്രായത്തിൽ അത് വലിയൊരു നേട്ടമല്ല. ഇം​ഗ്ലണ്ടിനേക്കാൾ മികച്ച താരങ്ങൾ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. സമാനമായി ഇം​ഗ്ലണ്ട് ടീം അവസാന ദിവസം കളിച്ച ഷോട്ടുകളിൽ ഏറെ പിഴവുകൾ ഉണ്ടായിരുന്നു. അതില്ലായിരുന്നുവെങ്കിൽ ഇം​ഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരായ പരമ്പര 3-1ന് വിജയിക്കാൻ കഴിയുമായിരുന്നു. അതിനാൽ ​ഗംഭീറിന്റെ കാലത്ത് ഇന്ത്യൻ ടീമിന് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല,' തിവാരി ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു.

'ഏഷ്യാകപ്പും ചാംപ്യൻസ് ട്രോഫിയും നേടിയതാണ് ​ഗംഭീറിന്റെ മറ്റൊരു അവകാശവാദം. എന്നാൽ രോഹിത് ശർമ, രാഹുൽ ദ്രാവിഡ്, അതിന് മുമ്പ് വിരാട് കോഹ്‍ലി എന്നിവരുടെ ശ്രമഫലമായാണ് ഇന്ത്യയ്ക്ക് മികച്ചൊരു ടീമുണ്ടായത്. അതിനാൽ ചാംപ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ​ഗംഭീർ അല്ലായിരുന്നു പരിശീലകൻ എങ്കിലും ഇന്ത്യ വിജയിക്കുമായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ഉപദേശകന്റെ റോൾ മാത്രം ചെയ്യേണ്ടയാൾ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നു. പിന്നെ എങ്ങനെയാണ് വിജയങ്ങൾ ഉണ്ടാകുക?, അത് അസാധ്യമാണ്,' തിവാരി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. പിന്നാലെ ​ഗുവാഹത്തിയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ 408 റൺസിന് പരാജയപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണിത്.

ഗൗതം ​ഗംഭീർ പരിശീലകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ ഏഴ് വിജയവും രണ്ട് സമനിലയും നേടാനായപ്പോൾ ഒമ്പത് മത്സരങ്ങൾ പരാജയപ്പെട്ടു. തുടർന്ന് ​ഗംഭീറിന്റെ പരിശീലന സ്ഥാനത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Content Highlights: BCCI Told To Look Beyond Gautam Gambhir

dot image
To advertise here,contact us
dot image