

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കർണാടകക്ക് കൂറ്റൻ സ്കോർ. ആദ്യ ഇന്നിങ്‌സ് 167 ഓവർ പിന്നിടുമ്പോൾ 586 റൺസിന് അഞ്ചുവിക്കറ്റ് എന്ന നിലയിലാണ് കർണാടക.
കരുൺ നായർ 389 പന്തിൽ 25 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 233 റൺസ് നേടി. സ്മരണ്‍ രവിചന്ദ്രൻ 390 പന്തിൽ 16 ഫോറുകളും മൂന്ന് സിക്സറുകളും അടക്കം 220 റൺസുമായി പുറത്താകാതെയുണ്ട്. കൃഷ്ണൻ ശ്രീജിത്ത് 65 റൺസ് നേടി.
കഴിഞ്ഞ മത്സരത്തില്‍ ഗോവക്കെതിരെ കരുണ്‍ പുറത്താകാതെ 174 റൺസടിച്ച് തിളങ്ങിയിരുന്നു. സൗരാഷ്ട്രക്കെതിരെ ആദ്യ മത്സരത്തില്‍ കരുണ്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കായി കരുണ്‍ നേടിയ സെഞ്ചുറിയാണ് കേരളത്തിന്‍റെ കന്നി കീരീട മോഹങ്ങള്‍ തകര്‍ത്തത്.
ശേഷം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നീണ്ട ഇടവേളക്ക് ശേഷം താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ വലിയ രീതിയിൽ തിളങ്ങാനായില്ല.
ഇതോടെ പിന്നീടുള്ള വിൻഡീസിനെതിരെയുള്ള പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചില്ല. ഇതിന് പിന്നാലെ ഒറ്റ പരമ്പരയിൽ മാത്രം അവസരം തന്ന് ടീമിൽ നിന്ന് പുറത്താക്കിയ ബി സി സി ഐ സെലക്ടർമാർക്കെതിരെയും വിമർശനം ഉന്നയിച്ചിരുന്നു.
Content Highlights:karun nair smran ravichandran double century; kerala vs karnataka ranjitrophy