

ബെംഗളൂരു നിവാസികൾ ഓഫീസിലേക്കും മറ്റ് പല സ്ഥലങ്ങളിലക്കുമുള്ള യാത്രയ്ക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റാപ്പിഡോ ബൈക്ക് ടാക്സി സർവീസിനെ ആയിരിക്കും. കടുത്ത ട്രാഫിക്കിനിടയിൽ ബൈക്ക് ടാക്സി സുഖമായി നുഴഞ്ഞുകയറും എന്നുള്ളതും യൂബറിനെ അപേക്ഷിച്ച് നിരക്ക് കുറവാണ് എന്നുള്ളതുമാണ് റാപ്പിഡോയെ ജനകീയമാക്കിയത്. ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തുകയും ചെയ്യും. എന്നാൽ ഇങ്ങനെയിരിക്കെ ഈ യാത്രാ രീതിയെ ചൂഷണം ചെയ്യുന്ന നിരവധി റാപ്പിഡോ ജീവനക്കാരുമുണ്ട്. ബെംഗളുരുവിൽ അത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകവുമാണ്.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഒരാളെ കബളിപ്പിക്കാൻ ശ്രമമുണ്ടായി. എയർപോർട്ടിൽ നിന്ന് ജാക്കുർ എന്നയിടത്തേയ്ക്ക് ബൈക് ടാക്സി ബുക്ക് ചെയ്ത യുവാവിനെയാണ് കബളിപ്പിക്കാൻ ശ്രമമുണ്ടായത്. റൈഡ് ആരംഭിക്കുമ്പോൾ 598 രൂപയായിരുന്നു നിരക്ക് കാണിച്ചിരുന്നത്. എന്നാൽ റൈഡ് അവസാനിച്ച ശേഷം 758 രൂപയായിരുന്നു.
എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് ടാക്സി ബുക്ക് ചെയ്തയാൾക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഒടിപി നൽകുക തുടങ്ങി എല്ലാ പ്രൊസസുകളും കൃത്യമായാണ് ചെയ്തത്. എന്നാൽ ഡ്രൈവർ കാണിച്ചുതന്ന സ്ക്രീനിലെ ആപ്പ് റാപ്പിഡോ യുഐ ആയി തോന്നുകയും തന്റെ ഫോണിൽ റൈഡ് അവസാനിച്ചിട്ടില്ല എന്ന് കാണിക്കുകയും ചെയ്തപ്പോഴാണ് ബുക്ക് ചെയ്ത യുവാവിന് സംശയം തോന്നിയത്.
ഡ്രൈവർ ഫോൺ കാണിക്കാൻ പോലും കൂട്ടാക്കാത്തതോടെ യുവാവിന് സംശയവും ഇരട്ടിക്കുകയായിരുന്നു. എന്നാൽ പിന്നീട് ടൗൺറൈഡ് എന്ന മറ്റൊരു ആപ്പാണ് ഡ്രൈവർ ഉപയോഗിച്ചിരുന്നത് എന്നും മനസിലായി. ഉടൻതന്നെ യുവാവ് ഡ്രൈവറോട് കയർക്കുകയും ഡ്രൈവർ മാപ്പ് പറയുകയും ചെയ്തു.
അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ ഇയാൾ നിരവധി കാലമായി ഈ ആപ്പ് ഉപയോഗിച്ചുവരികയാണ്. അതായത്, നിരവധി പേരെ ഇയാൾ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ട് എന്നർത്ഥം. യുവാവ് റെഡിറ്റിൽ തന്റെ അനുഭവം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ഇത്തരത്തിൽ തങ്ങളുടെ പണം നഷ്ടപ്പെട്ട കഥകള്‍ പങ്കുവെച്ചത്.
Content Highlights: rapido scam in banglore; man highlights the issue