

ശുഭ്മാൻ ഗില്ലിനെ ടി20 വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തില്‍ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിന് പൊസിഷനില്ലാതെ പോയതും ജയ്‌സ്വാൾ പുറത്തിരിക്കുന്നതും ഗിൽ കാരണമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
'അടുത്ത മൂന്ന് കളികളിലും അവർ ഗില്ലിനെ പുറത്തിരുത്തില്ല. അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനാണല്ലോ. അത് കൊണ്ട് സ്ഥാനം ഭദ്രമാണ്. ഭാവിയിൽ ഇന്ത്യയുടെ ടി20 ക്യാപ്റ്റനും ഗില്ലാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ഗില്‍ നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായത് എന്ന് മനസിലാകുന്നില്ല.
യശസ്വി ജയ്‌സ്വാൾ അവസരം കാത്ത് പുറത്തിരിക്കുകയാണ്. ഗില്ലിനെ ഉൾപെടുത്തിയതോടെ ടീമിന്റെ ബാലൻസ് ആകെ തെറ്റി. തിലക് വർമക്കും സഞ്ജുവിനും കൃത്യമായി ഒരു പൊസിഷനില്ലാതായി. ഇതിനെല്ലാം കാരണം തിരഞ്ഞാല്‍ നിങ്ങളെത്തുക ശുഭ്മാൻ ഗില്ലിലാവും'- ശ്രീകാന്ത് പറഞ്ഞു.
ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യ പരമ്പര അടിയറ വച്ച ഗിൽ സീരിസിൽ അമ്പേ നിറം മങ്ങിയിരുന്നു. ടി20 പരമ്പരയിലാവട്ടെ മഴയെടുത്ത ആദ്യ മത്സരത്തില്‍ താളം കണ്ടെത്തി. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിലും പരാജയമായി. ഇന്ന് വെറും 15 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്.
Content highlight: krishnamachari srikkanth criticizes Shubman Gill's appointment as t20 vice-captain