

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിഡ്നിയിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത്തും അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയുമാണ് ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. 25 പന്തില്‍ നിന്ന് പുറത്താവാതെ 121 റണ്‍സ് അടിച്ചെടുത്ത രോഹിത്താണ് പ്ലെയര്‍ ഓഫ് ദ സീരീസായും സിഡ്‌നി ഏകദിനത്തിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ കോഹ്‌ലി സിഡ‍്നിയിൽ തകർപ്പൻ അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 74 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലി മുൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
മത്സരശേഷം രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ ആരാധകരോട് കോഹ്‌ലി നന്ദി പറഞ്ഞു. ഇനി ഇരുവര്‍ക്കും ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര കളിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്ന് രോഹിത്തും പറഞ്ഞു. ഓസീസ് മണ്ണിൽ രോഹിത്തിന്റെയും കോഹ്‌ലിയുടെയും അവസാന മത്സരമായിരിക്കും ഇതെന്ന സാധ്യതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇരുവരുടെയും വാക്കുകൾ.
‘ഞങ്ങളുടെ കഴിവിന്റെ പരമാവധിയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഞങ്ങളെ എപ്പോഴും സ്വാഗതം ചെയ്തതിന് നന്ദി. ഓസ്ട്രേലിയയില്‍ ഞങ്ങള്‍ക്ക് ഒരിക്കലും പിന്തുണയുടെയും സ്നേഹത്തിന്റെയും കുറവ് തോന്നിയിട്ടില്ല,’ വിരാട് കോഹ്‌ലി പറഞ്ഞു.
2008ല്‍ സിഡ്‌നിയില്‍ രോഹിത് മികച്ച പ്രകടനം നടത്തിയതിന്റെ ഓര്‍മകള്‍ ഈ മത്സരം ഫിനിഷ് ചെയ്യുന്നതില്‍ സഹായിച്ചെന്ന് രോഹിത്തും പറഞ്ഞു. "ഓസ്‌ട്രേലിയയിൽ വരുന്നതും ക്രിക്കറ്റ് കളിക്കുന്നത് എനിക്ക്എപ്പോഴും ഇഷ്ടമാണ് 2008 ലെ മനോഹരമായ ഓർമ്മകൾ ഈ ഇന്നിംഗ്‌സ് പൂർത്തിയാക്കാനും ആ വിജയം നേടാനും സഹായിച്ചു. ഞങ്ങള്‍ ഇനി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുവരുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത്രയും വര്‍ഷമായി ഇവിടെ കളിക്കാന്‍ കഴിഞ്ഞതിൽ തന്നെ വളരെ സന്തോഷമുണ്ട്. നന്ദി, ഓസ്ട്രേലിയ,’ രോഹിത് മത്സരശേഷം പറഞ്ഞു.
Content Highlights: ‘Don’t know if we will be coming back again’ Says Rohit Sharma