രോ-കോ മാസ്സ്!!! ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ സെഞ്ച്വറിയും വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി

രോ-കോ മാസ്സ്!!! ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം
dot image

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസവിജയം. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 46.4 ഓവറില്‍ 236 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ 69 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ 2-1നാണ് പരമ്പര കൈവിട്ടത്.

ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ സെഞ്ച്വറിയും വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. ഓസീസ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണറും ക്യാപ്റ്റനുമായ ശുഭ്മൻ ​ഗില്ലിനെ മാത്രമാണ് നഷ്ടമായത്. 26 പന്തിൽ 24 റൺസെടുത്ത ​ഗില്ലിനെ ജോഷ് ഹേസൽവുഡ് അലക്സ് ക്യാരിയുടെ കൈകളിലെത്തിക്കുകയായിരുന്നു. വൺഡൗണായി എത്തിയ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് രോഹിത് ശർമ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

105 പന്തിൽ‌ സെഞ്ച്വറി തികച്ച രോഹിത് 125 പന്തിൽ 121 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് സിക്സും 13 ബൗണ്ടറികളുമാണ് ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പിറന്നത്. 81 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 74 റൺസെടുത്ത് കോഹ്‌ലിയും പുറത്താകാതെ നിന്നു.

നേരത്തെ ഹർഷിത് റാണ നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ഓസ്‌ട്രേലിയയുടെ ടോട്ടൽ 236 ലൊതുങ്ങി. ഓസീസിനായി മാറ്റ് റെൻഷാ(56), മിച്ചൽ മാർഷ്(41) എന്നിവർ മാത്രമാണ് തിളങ്ങിയത്. മാത്യു ഷോർട്ട് 30 റൺസും ട്രാവിസ് ഹെഡ് 29 റൺസും നേടി. 4-ാം ഓവറില്‍ 183-3 എന്ന മികച്ച നിലയിലായിരുന്ന ഓസീസിന്‍റെ അവസാന ഏഴ് വിക്കറ്റുകള്‍ 53 റണസിനിടെ എറിഞ്ഞിട്ടാണ് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയത്. ഹര്‍ഷിത് റാണ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദർ രണ്ട് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlights: India vs Australia, 3rd ODI: Rohit Sharma, Virat Kohli, Harshit Rana power India to 9-wicket win at the SCG

dot image
To advertise here,contact us
dot image