

തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള സംവിധായകനാണ് സെൽവരാഘവൻ. കാതൽ കൊണ്ടേൻ, പുതുപ്പേട്ടൈ, ആയിരത്തിൽ ഒരുവൻ, മയക്കം എന്ന, ഇരണ്ടാം ഉലകം തുടങ്ങി ഇദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ. 2010 ൽ കാർത്തി നായകനായി എത്തിയ സിനിമ ഇപ്പോൾ വീണ്ടും ആരാധകർ ആഘോഷിക്കുന്നുണ്ട്. എന്നാൽ റീലീസ് സമയത്ത് ആഘോഷിക്കാതെ ഇപ്പോൾ ഏറ്റെടുത്താൽ എന്താണ് പ്രയോജനം എന്ന് ചോദിക്കുകയാണ് സംവിധായകൻ.
'ആയിരത്തിൽ ഒരുവൻ എന്ന സിനിമയെക്കുറിച്ച് പ്രേക്ഷകർ മോശം കാര്യങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് സങ്കടം തോന്നിയത്. ഇന്ന് അവർ ആഘോഷിക്കുകയാണ്, പക്ഷേ ഇപ്പോൾ ആഘോഷിക്കുന്നതിൽ എന്താണ് പ്രയോജനം ?. ധാരാളം പണവും സമയവും നിക്ഷേപിച്ചിട്ടുണ്ട്, റിലീസ് സമയത്ത് തിയേറ്ററുകളിൽ അത് ആഘോഷിക്കണം. അവർ ഇപ്പോൾ അത് ആഘോഷിച്ചാലും എനിക്ക് സന്തോഷമില്ല,' സെൽവരാഘവൻ പറഞ്ഞു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണെന്നും കഥയിൽ ഒരു തൃപ്തി വരുന്നത് വരെ എഴുത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
#Selvaraghavan:
— AmuthaBharathi (@CinemaWithAB) October 25, 2025
"The only time I Felt sad was when the audience said negative things about #AayirathilOruvan🙁. Today they are celebrating, but what's the use in celebrating now❓. Lot of money & time has been invested, it has to be celebrated in theatres during release🤝. I'm… pic.twitter.com/OPTJgxB0V3
അതേസമയം, സെൽവരാഘവൻ വില്ലനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആര്യൻ ഉടൻ തിയേറ്ററുകളിൽ എത്തും. ഒരു പക്കാ ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. കുറെ കൊലപാതകങ്ങളും അതിന് പിന്നാലെ പോകുന്ന വിഷ്ണു വിശാലിന്റെ പൊലീസ് കഥാപാത്രവുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസർ റിലീസിന് പിന്നാലെ ഇത് മറ്റൊരു രാക്ഷസൻ ആകുമോ എന്നാണ് പലരും സോഷ്യൽ മീഡിയയിലിലൂടെ ചോദിക്കുന്നത്. ഒക്ടോബർ 31 നാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രവീൺ കെ ആണ് സിനിമ തിരക്കഥയെഴുതി സംവിധനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് സിനിമയിലെ നായിക.
Content Highlights: Director expresses regret over the failure of the movie aayiraththil oruvan