

വനിതാ ഏകദിന ലോകകപ്പിന് വേണ്ടി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ വനിതാ ടീം അംഗങ്ങൾക്കെതിരെ അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഓസ്ട്രേലിയ ടീമിൽ ഉൾപ്പെട്ട രണ്ട് താരങ്ങൾക്കെതിരെയാണ് ബൈക്ക് യാത്രികൻ്റെ അതിക്രമം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 23 രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഓസീസ് വനിതാ താരങ്ങൾ ഹോട്ടലിൽ നിന്ന് ഒരു കഫേയിലേക്ക് നടന്നുപോകുന്നതിനിടെ ഖജ്‌രാന റോഡ് പരിസരത്തുവച്ച് ഇയാൾ ഇവരെ ബൈക്കിൽ പിന്തുടരുകയും ഒരാളെ കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ശേഷം ഇയാൾ ബൈക്കോടിച്ച് കടന്നുകളയുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ ബൈക്കിൻ്റെ നമ്പർ പതിഞ്ഞതാണ് സംഭവത്തിൽ നിർണായകമായത്.
Shocking Incident in Indore: Australian Women Cricketers Molested | Cricket Australia Confirms pic.twitter.com/O80D4JUB3K
— CRICONE (@onecric_) October 25, 2025
ഓസീസ് താരങ്ങൾ വിവരം ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മൺസിനെ അറിയിച്ചു. സിമ്മൺസ് പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും താരങ്ങൾക്ക് തിരികെപോകാൻ വാഹനം ഏർപ്പാടാക്കുകയും ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അകിൽ ഖാൻ എന്നയാൾ പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്ഐ നിധി രഘുവൻശി പിടിഐയോട് പ്രതികരിച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ ബിസിസിഐ അപലപിക്കുകയും ചെയ്തു.
Content Highlights: 2 Australian women cricketers ‘inappropriately touched’ while walking to cafe in Indore