
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഉടൻ തുടക്കമാകും. ഒമ്പത് മണിക്ക് തുടങ്ങുന്ന മത്സരത്തിന്റെ ടോസ് ഉടനെ വീഴും. പകല്‍ രാത്രി മത്സരമാണിത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശുഭ്മാൻ ഗിൽ എന്ന യുവനായകന് കീഴിലുള്ള ആദ്യ ഏകദിന പരമ്പരയുമാണിത്. 2015 ഏകദിന ലോകകപ്പിന് ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാൻ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റു.
ഓസീസ് മണ്ണിൽ നിരവധി റെക്കോർഡുകളുള്ള വിരാടിന്റെയും കോഹ്‌ലിയും സാന്നിധ്യം തന്നെയാകും ഇന്ത്യൻ ടീമിന്റെ ധൈര്യം. നായകന്‍ പാറ്റ് കമിന്‍സും ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസും ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും സ്പിന്നര്‍ ആദം സാംപയുമൊന്നും പരിക്ക് മൂലം കളിക്കുന്നില്ല എന്നത് ഓസീസിന് തിരിച്ചടിയാണ്.
ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്‍ - രോഹിത് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പാണ്. കോഹ്‌ലി മൂന്നാമനായി ക്രീസിലെത്തും. പിന്നാലെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ചാമനായി കെ എല്‍ രാഹുല്‍. ടീമിന്റെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറല്‍ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ശ്രേയസ്, രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് സ്ഥാനം സാഹചര്യത്തിന് അനുസരിച്ച് മാറാനും സാധ്യത ഏറെ. ആറാമനായി നിതീഷ് കുമാര്‍ റെഡ്ഡി. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന ചെയ്യാന്‍ നിതീഷ് സാധിച്ചേക്കും.
സ്പിന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനും ടീമില്‍ ഇടം ലഭിക്കും. ഏഴാമനായി താരം ബാറ്റിംഗിനെത്തും. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരിക്കും ടീമിലെ പേസര്‍മാര്‍. ഹര്‍ഷിത് റാണ ആദ്യ മത്സരത്തില്‍ പുറത്തിരിക്കാനാണ് സാധ്യത. കുല്‍ദീപ് യാദവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാല്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ.
ഓസ്ട്രേലിയന്‍ ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, കൂപ്പർ കൊണോലി, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുഹ്നെമാൻ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷോ, മാത്യു ഷോർട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്.
Content Highlights-first match of the India-Australia ODI series updates