
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകുകയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
2027 ലോകകപ്പില്‍ രോഹിതും കോഹ്‌ലിയും കളിക്കുമോ എന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. ഓസീസ് പരമ്പര ഇരുവർക്കും നിര്ണായകമാണെന്നും പറയപ്പെടുന്നു.അതിനിടയിൽ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിസിസിഐ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കർ.
ഓസ്ട്രേലിയയില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അതുപോലെ, ഓസ്‌ട്രേലിയയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയാല്‍ അവരെ ലോകകപ്പിലേക്ക് തെരഞ്ഞെടുക്കുമെന്നും അര്‍ത്ഥമില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. ലോകകപ്പിന് ഇനിയും നാളുകളേറെയുണ്ട്. എല്ലാ മത്സരങ്ങളിലും രോഹിതിനെയും കോഹ്‍ലിയെയും വിചാരണ ചെയ്യുന്നത് മണ്ടത്തരമായിരിക്കുമെന്നും ഇന്ത്യയുടെ ചീഫ് സെലക്ടര്‍ പറഞ്ഞു.
അതേ സമയം ഓസ്ട്രേലിയയില്‍ ആതിഥേയര്‍ക്കെതിരെ ഇരുവരുടേയും റെക്കോര്‍ഡുകള്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ല. രോഹിതിന്റെയും വിരാടിന്റെയും സെക്കൻഡ് ഹോമാണ് ഓസീസ്. ഇരുവരും വലിയ ഒരുപാട് റെക്കോർഡുകൾക്കും തൊട്ടരികിലാണ്.
Content Highlights- ajit agarkar on rohit and virat kolhi