ഇടുക്കിയിൽ കനത്ത മഴ; വീടുകളിൽ വെള്ളം കയറി, സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേ‍‍‌ർട്ട്

24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും

ഇടുക്കിയിൽ കനത്ത മഴ; വീടുകളിൽ വെള്ളം കയറി, സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേ‍‍‌ർട്ട്
dot image

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേ‍‍‌ർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂ‌ർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേ‍‍‌ർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും.

തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലും ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്.

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഇടുക്കിയിൽ അതിശക്തമായ തുടരുകയാണ്.കുമളിയിൽ രണ്ട് ഇടങ്ങളിൽ ഉരുൾപൊട്ടിയതായി സംശയമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. ആളുകൾ സുരക്ഷിതരാണെന്നും പ്രസിഡൻ്റ് പറഞ്ഞു.കുമളി - ആനവിലാസം റോഡിൽ ഗതാഗതം തടസപ്പെട്ടു. ഒന്നാംമൈൽ , റോസാപൂക്കണ്ടം, പെരിയാർ കോളനി എന്നി മേഖലകളിൽ വെള്ളം ഉയരുകയാണ്. താഴ്ന്ന മേഖലകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. അട്ടപ്പള്ളം മേഖലയിൽ നിന്നും ആറ് കുടുംബങ്ങളെയും രണ്ട് കുടുംബങ്ങളെയും റിസോർട്ടിലേക്കും മാറ്റി താമസിപ്പിച്ചു. കുമളി വെള്ളാരംകുന്നിൽ സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മൺകൂനയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുമളി - ആനവിലാസം റോഡിലാണ് അപകടം. പറപ്പള്ളിൽ വീട്ടിൽ തങ്കച്ചൻ ആണ് മരിച്ചത്. റോഡിലേക്ക് വീണ് കിടന്ന മൺകൂന ശ്രദ്ധിക്കാതെ വാഹനം ഓടിക്കുകയായിരുന്നു. ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്.

മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 139. 20 അടിയായി. സെക്കൻ്റിൽ 17,000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. 8, 800 ഘനയടി വെള്ളം പെരിയാറിലേക്ക് തുറന്ന് വിടുന്നുണ്ട്. അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്കാണ്.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
    നിർദേശങ്ങൾ
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

Content Highlight : Heavy rains in the state Orange alert in four districts today, Yellow alert in seven districts

dot image
To advertise here,contact us
dot image