
ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടി20 ക്യാപ്റ്റൻ സൽമാൻ അലി ആഘയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ ഒരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്. പകരം ദീര്‍ഘകാല ക്യാപ്റ്റനായി ഷദാബ് ഖാനെ നിയമിച്ചേക്കും.
ഏഷ്യ കപ്പിൽ ഫൈനലിലടക്കം ഇന്ത്യയോടുള്ള മൂന്ന് മത്സരങ്ങളിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു. കളിക്കാരൻ എന്ന നിലയിലും താരത്തിന് തിളങ്ങാനായിരുന്നില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് 72 റൺസ് മാത്രമാണ് നേടാനായത്.
ഇതോടെ അഗയുടെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. പിന്നാലെയാണ് താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഷദാബ്. അടുത്തമാസം അദ്ദേഹത്തില്‍ വിശ്രമം കഴിഞ്ഞ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. പാകിസ്താന് വേണ്ടി 70 ഏകദിന മത്സരങ്ങള്‍ കളിച്ച ഓള്‍റൗണ്ടര്‍ 112 ടി20 മത്സരങ്ങളിലും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
27 കാരനായ അദ്ദേഹം ടി20 ക്രിക്കറ്റില്‍ പാകിസ്താനെ നയിച്ചിട്ടുണ്ട്. കൂടാതെ പാകിസ്താൻ സൂപ്പര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും നയിച്ചുള്ള ക്യാപ്റ്റന്‍സി പരിചയവുമുണ്ട്.
Content Highlights: Salman Ali Agha likely to lose Pakistan's T20I captaincy