
കൊച്ചി: കെപിസിസി പുനഃസംഘടനാ പട്ടികയില്‍ അതൃപ്തി പരസ്യമായി കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമ മുഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. പുനഃസംഘടനയില്‍ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ക്ക് ഒറ്റ പദവി മാനദണ്ഡം പോലും എടുത്തുകളഞ്ഞ് ചുമതല നൽകിയപ്പോൾ താൻ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ഷമ കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ സജീവമായി ഇടപെടുന്നില്ലെന്നത് ഷമയ്ക്ക് തിരിച്ചടിയായിരുന്നു. അന്ന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയില്‍ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു. ഇത് പാലിക്കപ്പെടാതെവന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവില്‍ കണ്ണൂരില്‍ സജീവമാണ് ഷമ.
13 ഉപാധ്യക്ഷന്മാര്‍, 58 ജനറല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തിയാണ് കെപിസിസിയുടെ പുതിയ ജംബോ കമ്മിറ്റി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരന്‍, എ കെ മണി എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടം പിടിച്ചു.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായാണ് നിയമിച്ചത്. ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡന്‍, വി ടി ബല്‍റാം, വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി സുഗതന്‍, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂര്‍, എം വിന്‍സന്റ്, റോയ് കെ പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്മാര്‍. വി എ നാരായണനാണ് കെപിസിസി ട്രഷറര്‍. ദീര്‍ഘനാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് പുനഃസംഘടനാ പട്ടിക പുറത്തുവിട്ടത്.
Content Highlights: Is talent a criteria Shama Mohamed expresses dissatisfaction over kpcc jumbo list