
വിജയ്‌യെ നേരിട്ട് കാണണമെന്ന പറഞ്ഞ് സ്വന്തം നാട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കടുത്ത ആരാധകനാണ് ഉണ്ണിക്കണ്ണൻ മംഗലംഡാം. ജനനായകൻ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഉണ്ണിക്കണ്ണൻ അവിടെ എത്തിയെന്നും വിജയ്‌യുടെ ഒപ്പം ഫോട്ടോ എടുത്തുവെന്നും അദ്ദേഹം തന്നെ പറഞ്ഞിരുന്നു. പക്ഷേ ആരും അത് വിശ്വസിച്ചിരുന്നില്ല മാത്രവുമല്ല കടുത്ത സൈബർ ആക്രമണം നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ ഉണ്ണിക്കണ്ണൻ വിജയ്‌യെ കണ്ടെന്നും ഒപ്പം ഫോട്ടോ എടുത്തുവെന്നും ഉറപ്പ് വരുത്തുകയാണ് നടി മമിത ബൈജു. പടം റിലീസ് ആയ ശേഷം ആ ഫോട്ടോ പുറത്തുവരുമായിരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
'ഞാൻ കമന്റ് ഇട്ടത് സത്യമാണ് ഉണ്ണിക്കണ്ണൻ അവിടെ വന്നിട്ടുണ്ടായിരുന്നു. വിജയ് സാറിനെ കണ്ടു, ഫോട്ടോ എടുത്തു…പടം റിലീസ് ആയ ശേഷം ആ ഫോട്ടോ പുറത്തുവരുമായിരിക്കും. അത് കാരണം പാവത്തിനെ എല്ലാവരും കൂടി ട്രോൾ ചെയ്തു', മമിത പറഞ്ഞു. ഉണ്ണിക്കണ്ണന് നേരെ ട്രോളുകൾ വന്നിരുന്ന സമയത്ത് മമിതയാണ് ഇൻസ്റ്റാഗ്രാമിൽ ഉണ്ണിക്കണ്ണനെ പിന്തുണച്ച് കമന്റ് ഇട്ടത്. 'അതെ ഞാനാണ് ആ ദൃക്‌സാക്ഷി', എന്നായിരുന്നു മമിത കമന്റ് ഇട്ടത്. ഉണ്ണിക്കണ്ണന്‍ തന്നെ മമ്മിതയുടെ കമന്റ് തന്റെ വീഡിയോയിൽ പങ്കുവെച്ച് സംസാരിച്ചിരുന്നു.
അതേസമയം, മമിത നായികയായി അഭിനയിക്കുന്ന ഡ്യൂഡ് എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. തമിഴിലെ ശ്രദ്ധേയ താരം പ്രദീപ് രംഗനാഥനും ചിത്രത്തിൽ നായകനായി എത്തുന്നു. കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.
Content Highlights: Mamitha Baiju talks about unnikannan meting Vijay