കാന്‍സര്‍ രോഗികളായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രത്യേകിച്ച് 30 കളിലും 40 കളിലും ഉള്ളവരില്‍

ഇന്ത്യയില്‍ കാന്‍സറിനെ ഇനി വാര്‍ധക്യകാല രോഗമായി കാണാന്‍ കഴിയില്ലെന്നും ചെറുപ്പക്കാരില്‍ രോഗം വര്‍ധിച്ചുവരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു

കാന്‍സര്‍ രോഗികളായ ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രത്യേകിച്ച് 30 കളിലും 40 കളിലും ഉള്ളവരില്‍
dot image

ഇന്ത്യയില്‍ 30-40 വയസിന് ഇടയിലുളള കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച്ച്(ICMR)ന്റെ റിപ്പോര്‍ട്ട് പ്രകാരം ഒന്‍പത് ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട്. കൂടാതെ 2020-2025 ആകുമ്പോഴേക്കും കാന്‍സര്‍ കേസുകളുടെ എണ്ണം 13 ശതമാനം വര്‍ധിക്കുമെന്നും കണക്കുകള്‍ പറയുന്നു.

എന്തുകൊണ്ട് ചെറുപ്പക്കാരില്‍ കാന്‍സര്‍ ഉണ്ടാകുന്നു

നീണ്ട ജോലിസമയം, പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ വരെയുള്ള ഇരിപ്പ്, മാനസിക സമ്മര്‍ദ്ദം എന്നിവ ശരീരത്തെ മോശമായി ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന നിലയിലാക്കുന്നു. ഇത് പ്രതിരോധശേഷിയേയും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയേയും ബാധിക്കുന്നു. കാലക്രമേണ അസാധാരണ കോശങ്ങളെ നേരത്തെ കണ്ടെത്തി നശിപ്പിക്കുന്ന ശരീരത്തിന്റെ കഴിവിനെ ഇത് ദുര്‍ബലപ്പെടുത്തുന്നു. മണിപ്പാല്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റായ ഡോ. മാധവി നിയാര്‍ പറയുന്നത് 50 വയസിന് താഴെയുളളവര്‍, പ്രത്യേകിച്ച് 30കളിലും 40 കളിലും പ്രായമുള്ളവരില്‍ കാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ്. സ്തന കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍,വന്‍കുടല്‍ കാന്‍സര്‍ എന്നിവയാണ് ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്നവ.

cancer in young people

ഉറക്കക്കുറവും കാന്‍സറും

ജോലി സമയവും സമ്മര്‍ദ്ദവും പോലുള്ള ഘടകങ്ങള്‍കൊണ്ട് പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ പലരും ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത്. സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഉറക്കം തടസ്സപ്പെടുന്നത് ഡിഎന്‍എയുടെ പ്രവര്‍ത്തനത്തെ നന്നാക്കുന്നതുമായി ബന്ധപ്പെട്ട മെലറ്റോണിന്‍ എന്ന ഹോര്‍മോണിനെ ബാധിക്കും. തുടര്‍ച്ചയായി സ്‌ക്രീന്‍ ഉപയോഗിക്കുന്നതും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും കൂടിയാകുമ്പോള്‍ അത് ആരോഗ്യത്തെ ബാധിക്കുന്നു. കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രത്യേക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ ശരീരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നുവെന്നതാണ് വാസ്തവം.

ആദ്യകാല ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു

cancer in young people

ജോലിക്കാരായ ചെറുപ്പക്കാര്‍ പലപ്പോഴും ശാരീരികമായ പല മാറ്റങ്ങളും ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യുന്നത്. ശരീരഭാരം കുറയുക, നീണ്ടുനില്‍ക്കുന്ന ക്ഷീണം, അസാധാരണമായി കാണുന്ന മുഴകള്‍, മലവിസര്‍ജന ശീലങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ' ഈ പ്രായത്തില്‍ കാന്‍സര്‍ വരില്ല' എന്ന ചിന്തയാണ് ചെറുപ്പക്കാരുടെ മനസിലുളളതും.

ആരോഗ്യ പരിശോധനകള്‍ വൈകുന്നു

ജോലിയിലെ സമ്മര്‍ദ്ദം മൂലം പലപ്പോഴും ആരോഗ്യ പരിശോധന വൈകുകയാണ് ചെയ്യുന്നത്. സെര്‍വിക്കല്‍, സ്തന കാന്‍സര്‍, ഓറല്‍ കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ തുടങ്ങിയ പല അര്‍ബുദങ്ങളും പതിവ് പരിശോധനകള്‍ നടത്തിയാല്‍ നേരത്തെ കണ്ടെത്താനാകും. കാന്‍സര്‍ തുടക്ക ഘട്ടങ്ങളില്‍ ചികിത്സിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ ലക്ഷണങ്ങള്‍ ഗുരുതരമാകുന്നതിന് മുന്‍പ് അവ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.

ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍

അള്‍ട്രാപ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇപ്പോള്‍ ദൈനംദിന ശീലമായി മാറിക്കഴിഞ്ഞു. നാരുകള്‍ കുറവുള്ളത്, പഞ്ചസാര അടങ്ങിയത്, ശുദ്ധീകരിച്ച കൊഴുപ്പുമൊക്കെ കൂടുതലുള്ള ഭക്ഷണക്രമം കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച് മോശം ഭക്ഷണം വന്‍കുടല്‍, ആമാശയ കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

cancer in young people

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അതേസമയം എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ കാന്‍സര്‍ സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സയിലെ പുരോഗതി അതിജീവന നിരക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. ജനിതകവുമായി ബന്ധപ്പെട്ട കാന്‍സറുകള്‍ ചെറിയ വര്‍ധനവും ഉണ്ട്. പ്രതിരോധ മാര്‍ഗങ്ങളും അവബോധവുമാണ് അസുഖം തടയാനുള്ള മാര്‍ഗങ്ങള്‍. സമീകൃതവും നാരുകള്‍ അടങ്ങിയതുമായ ഭക്ഷണക്രമം പാലിക്കുക, പതിവ് വ്യായാമം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക, മദ്യപാനത്തിലെ മിതത്വം, പുകവലി ഒഴിവാക്കല്‍, യോഗപോലെയുള്ള സമ്മര്‍ദ്ദ നിയന്ത്രണ രീതികള്‍ , കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തുക എന്നീ കാര്യങ്ങള്‍ക്കെല്ലാം ചെറുപ്പക്കാര്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Doctors say cancer in India can no longer be seen as a disease of old age and is becoming more common in young people.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image