

2026 ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യപരാജയം സമ്മാനിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ന്യൂസിലാൻഡ്. ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന സെമി ഫൈനലില്‍ ഒന്‍പത് വിക്കറ്റിനാണ് പ്രോട്ടിയാസിനെ ന്യൂസിലാന്‍ഡ് വീഴ്ത്തിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 43 പന്തുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലാന്‍ഡ് മറികടന്നു.
മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഫിൻ അലനാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. 33 പന്തിൽ പുറത്താകാതെ 100 റൺസെടുത്ത ഫിൻ അലൻ ആണ് ഒരു ദയയുമില്ലാതെ പ്രോട്ടീസിനെ അടിച്ചൊതുക്കിയത്. 10 ഫോറും എട്ട് സിക്സും ഉൾപ്പെടുന്നതാണ് ഫിൻ അലന്റെ ഇന്നിങ്സ്. സ്ട്രൈക്ക്റേറ്റ് 303.
മാസ് സെഞ്ച്വറി നേടിയതോടെ ചരിത്രനേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാൻഡിന്റെ ഹീറോ ഫിൻ അലൻ. ടി20 ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറിയാണ് അലന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൂര്‍ത്തിയാക്കിയത്. ഐസിസി ഫുള്‍ ടൈം മെമ്പര്‍ ടീമിനെതിരെ ഒരു താരം നേടുന്ന വേഗമേറിയ സെഞ്ച്വറി കൂടിയാണിത്.
വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡാണ് അലന് ഈഡനില്‍ പഴങ്കഥയാക്കിയത്. 2016 ടി20 ലോകകപ്പില്‍ വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരെ 47 പന്തില്‍ ഗെയ്ല് അടിച്ചെടുത്ത സെഞ്ച്വറിയാണ് ഫിന് അലന് തകര്‍ത്തത്. നാളെ നടക്കുന്ന ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം സെമിയിലെ വിജയി ഫെെനലിൽ ന്യൂസിലാൻഡിനെ നേരിടും.
Content Highlights: T20 World Cup 2026, SA vs NZ; Finn Allen Slams Fastest Century In T20 World Cup History