
ഐപിഎൽ മാതൃകയിൽ അടുത്ത വർഷം മുതൽ കേരളത്തിലെ വനിതകൾക്കായി പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് നടത്തുവാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. വനിത ക്രിക്കറ്റ് ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂർണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു. കേരള ക്രിക്കറ്റിന്റെ വനിത താരങ്ങളെ ആദരിച്ചും സംഗീത നിശയൊരുക്കിയും കെസിഎ ചടങ്ങ് അവിസ്മരണീയമാക്കുകയും ചെയ്തു.
കേരളത്തിന്റെ അഭിമാനമായ വനിതാ പ്രതിഭകളെ വേദിയിൽ ആദരിച്ചു. ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജന സജീവൻ, ആശാ ശോഭന, അരുന്ധതി റെഡ്ഡി, അണ്ടർ 19 ലോകകപ്പ് ജേതാവ് ജോഷിത വിജെ, ഇന്ത്യൻ നേവി ലഫ്റ്റനന്റ് കമാൻഡറും മുൻ സംസ്ഥാന ജൂനിയർ ക്രിക്കറ്ററുമായ ദിൽന കെ. എന്നിവർ ആദരവ് ഏറ്റുവാങ്ങി.
കോഴിക്കോട് സ്വദേശിനിയായ ലഫ്. കമാൻഡർ ദിൽന, മുൻ സംസ്ഥാന അണ്ടർ 19 ക്രിക്കറ്റ് താരവും ദേശീയ തലത്തിൽ മെഡലുകൾ നേടിയ ഷൂട്ടറുമാണ്. അടുത്തിടെ ഐ.എൻ.എസ്.വി താരണി എന്ന പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് ലോകം ചുറ്റി സഞ്ചരിച്ച് ചരിത്രം കുറിച്ച ദിൽന 'കേപ് ഹോണർ' എന്ന അപൂർവ ബഹുമതിയും സ്വന്തമാക്കി. സമുദ്രത്തിലെ ഏറ്റവും അപകടകരമായ പാതകളിലൊന്നായ കേപ് ഹോൺ തരണം ചെയ്യുന്നവർക്കാണ് ഈ ബഹുമതി ലഭിക്കുന്നത്.
പ്രഖ്യാപന ചടങ്ങുകൾക്ക് ആവേശം പകരാൻ പ്രശസ്ത ഗായികമാരായ ഭദ്ര രജിനും നിത്യ മാമ്മനും നയിച്ച സംഗീത നിശ അരങ്ങേറി. ഇരുവരുടെയും തത്സമയ ബാൻഡ് പ്രകടനം കാര്യവട്ടം സ്റ്റേഡിയത്തിലെ സായാഹ്നത്തെ അവിസ്മരണീയമാക്കി. സംഗീതത്തിന്റെ ആരവങ്ങൾക്കിടയിലാണ് കേരള വനിതാ ക്രിക്കറ്റിന്റെ പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചത്.
'കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങൾക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നൽകും. അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കെ.സി.എ പ്രതിജ്ഞാബദ്ധമാണ്', കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് പ്രതികരിച്ചു.
'സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിന് ശക്തമായ ഒരു അടിത്തറയും വളർച്ചയ്ക്കുള്ള അവസരങ്ങളും ഒരുക്കുകയാണ് ലക്ഷ്യം. കെ.സി.എൽ മാതൃകയിൽ, ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു 'പ്ലെയർ ഓക്ഷൻ' നടത്തും. ഇത് ടീമുകളുടെ സന്തുലിതമായ തിരഞ്ഞെടുപ്പും മത്സരവീര്യവും ഉറപ്പാക്കും', കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാർ പ്രതികരിച്ചു.
പരിധികളില്ലാതെ വനിതകൾക്ക് മുന്നേറാനും പ്രചോദിപ്പിക്കാനും നേതൃത്വം നൽകാനും സാധിക്കുന്ന ഒരു ഭാവിയാണ് വനിത ക്രിക്കറ്റ് ലീഗിലൂടെ കെ.സി.എ ലക്ഷ്യമിടുന്നത്. അടുത്ത സീസൺ മുതൽ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതോടെ, ഈ പുതിയ സംരംഭം കേരളത്തിലെ വനിതാ ക്രിക്കറ്റിന് ഒരു പുതിയ അധ്യായം കുറിക്കുമെന്നുറപ്പാണ്.
Content Highlights: KCA plans to run a cricket league for women in Kerala from next year