
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ സഞ്ജുവിന്റെ സ്ലോട്ടേതാണ്. അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പണിങ് റോളിലെത്തുന്ന സംഘത്തിൽ സഞ്ജു മിഡിൽ ഓർഡറിലേക്ക് ഇറങ്ങേണ്ടി വരുമോ? അതോ ജിതേഷ് ശർമ ടീമിൽ ഇടമുറപ്പിച്ചാൽ പുറത്തിരിക്കേണ്ടി വരുമോ?
ഓപ്പണിങ് റോളിൽ കെ സി എല്ലിൽ മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതോടെ ടീം തെരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന് വലിയ തലവേദനയാവും. ഇപ്പോഴിതാ സഞ്ജുവിന് മറ്റൊരു പൊസിഷൻ നിർദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വൺ ഡായി സഞ്ജുവിനെ കളത്തിലിറക്കണെന്നാണ് കൈഫിന്റെ നിർദേശം
'ഐ പി എല്ലിലെ ഏറ്റവും മികച്ച സിക്‌സ് ഹിറ്റർമാരിൽ ഒരാളാണ് സഞ്ജു. മിഡിൽ ഓവറുകളിൽ റാഷിദ് ഖാനെ പോലുള്ള ബോളർമാർ മുന്നിലെത്തുമ്പോൾ അവരെ നേരിടാൻ സഞ്ജുവിനേക്കാൾ മികച്ചൊരു ഓപ്ഷനില്ല. അതിനാൽ തന്നെ തിലക് വർമയെ മാറ്റി സഞ്ജുവിനെ ഇറക്കൂ. തിലക് യുവതാരമല്ലേ. അദ്ദേഹത്തിന് മുന്നിൽ ഇനിയും സമയമുണ്ട്'- കൈഫ് പറഞ്ഞു.
ദക്ഷിണാഫ്രിക്ക പോലെ ബാറ്റിങ് ദുഷ്‌കരമായ മണ്ണിൽ മികച്ച രീതിയിൽ ബാറ്റ് വീശിയ സഞ്ജു പേസിനേയും സ്പിന്നിനേയും നന്നായി നേരിടുമെന്നും. എല്ലാ വർഷവും ഐ.പി.എല്ലിൽ 400-500 റൺസ് സ്‌കോർ ചെയ്യുന്നൊരാളെ അവഗണിക്കാനാവില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.