
ഏകദിന ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ താരം മാത്യൂ ബ്രീത്സകെ. ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യ അഞ്ച് ഇന്നിങ്സുകളിൽ 50ലധികം റൺസ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് ബ്രിത്സകെ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് 26കാരനായ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഈ വർഷം ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെയായിരുന്നു ബ്രീത്സകെ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തന്നെ 150 റൺസുമായി താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ചു. രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ 83 റൺസാണ് ബ്രീത്സകെ അടിച്ചുകൂട്ടിയത്. അടുത്ത രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു. 50, 88 എന്നിങ്ങനെയായിരുന്നു ഈ രണ്ട് മത്സരങ്ങളിൽ യുവതാരത്തിന്റെ സ്കോറുകൾ.
ഇന്ന് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ 85 റൺസും ബ്രീത്സകെ അടിച്ചുകൂട്ടി. ഏകദിന കരിയറിൽ അഞ്ച് മത്സരങ്ങൾ മാത്രം പിന്നിടുമ്പോൾ 463 റൺസാണ് ബ്രീത്സകെയുടെ സമ്പാദ്യം. 92.6 ആണ് ബ്രീത്സകെയുടെ ബാറ്റിങ് ആവറേജ്.
അതിനിടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. മത്സരം 41 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസിലെത്തിയിട്ടുണ്ട്. എയ്ഡൻ മാർക്രം 49, റയാൻ റിക്ലത്തൺ 35, അർധ സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന ട്രിസ്റ്റൻ സ്റ്റമ്പ്സ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയ മറ്റുതാരങ്ങൾ.
Content Highligths: Matthew breetzke creates history by scoring consecutive fifty plus scores since debut