
ഏഷ്യാ കപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യയ്ക്കായി അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഓപൺ ചെയ്യുമെന്ന് റിപ്പോർട്ട്. ഇരുവരോടും ഓപണറായി കളിക്കണമെന്ന് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടന്നാണ് സൂചന. ഇതോടെ അഭിഷേകിനൊപ്പം ഓപണറായിരുന്ന മലയാളി താരം സഞ്ജു സാംസൺ മധ്യനിരയിൽ കളിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മധ്യനിരയിൽ മുൻകാലങ്ങളിൽ സഞ്ജുവിന് മികച്ച റെക്കോർഡുകളിലെന്നാണ് ടീം മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്ന ആശങ്ക.
അഭിഷേക് - ഗിൽ സഖ്യത്തിന് ഓപണിങ്ങിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ കഴിയുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇരുവരും വ്യത്യസ്ത ശൈലിയിൽ കളിക്കുന്ന താരങ്ങളാണെന്നതാണ് ഇതിന് കാരണം. ആക്രമണ ശൈലിയിലുള്ള അഭിഷേകും ശാന്തമായ രീതിയിൽ ബാറ്റ് ചെയ്യുന്ന ഗില്ലും ഇന്ത്യക്ക് ലഭിക്കാവുന്ന ഒരു മികച്ച ഓപണിങ് സഖ്യമായി ടീം മാനേജ്മെന്റ് വിലയിരുത്തി. ഇടത്-വലത് കോമ്പിനേഷൻ നിലനിർത്താനും അഭിഷേക്-ഗിൽ സഖ്യത്തിലൂടെ സാധിക്കുമെന്നതും മറ്റൊരു ഗുണമാണ്.
സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. ടൂര്‍ണമെന്റില്‍ ജിസിസിയില്‍ നിന്നും ഒമാനും യുഎഇയും ആണ് മത്സരത്തിന് ഇറങ്ങുന്നത്. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.
റിസർവ് താരങ്ങൾ: പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ.
Content Highlights: Gill and Abhishek will open the batting for India in the Asia Cup 2025