
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ഷാർദുൽ താക്കൂർ നയിക്കുന്ന വെസ്റ്റ് സോൺ മികച്ച സ്കോറിൽ. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോൾ സെൻട്രെൽ സോണിനെതിരെ വെസ്റ്റ് സോൺ ആറ് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തിട്ടുണ്ട്. 184 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്‌വാദിന്റെ തകർപ്പൻ ബാറ്റിങ്ങാണ് വെസ്റ്റ് സോണിനെ മികച്ച സ്കോറിലെത്തിച്ചത്. തനൂഷ് കോട്യാൻ അർധ സെഞ്ച്വറി നേടിയും ക്രീസിലുണ്ട്.
നേരത്തെ ടോസ് നേടിയ വെസ്റ്റ് സോൺ നായകൻ ഷാർദുൽ താക്കൂർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപണർ കൂടിയായ യശസ്വി ജയ്സ്വാൾ നാല് റൺസുമായി തുടക്കത്തിലെ പുറത്തായി. പിന്നാലെ ഒരു റൺസെടുത്ത ഹാർവിക് ദേശിയുടെ വിക്കറ്റും വെസ്റ്റ് സോണിന് നഷ്ടമായി.
മൂന്നാമനായി ക്രീസിലെത്തിയ റുതുരാജ് ഏകദിന ക്രിക്കറ്റിന്റെ ശൈലിയിലാണ് ബാറ്റുവീശിയത്. 206 പന്തിൽ 15 ഫോറും ഒരു സിക്സറും സഹിതം 184 റൺസുമായാണ് റുതുരാജ് കളം വിട്ടത്. 39 റൺസെടുത്ത ആര്യ ദേശായി, 25 റൺസെടുത്ത ശ്രേയസ് അയ്യർ എന്നിവർ റുതുരാജിന് പിന്തുണ നൽകി. 18 റൺസെടുത്ത് ഷംസ് മുളാനി പുറത്തായി.
ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 65 റൺസുമായി തനൂഷ് കോട്യാനും 24 റൺസുമായി ക്യാപ്റ്റൻ ഷാർദുൽ താക്കൂറുമാണ് വെസ്റ്റ് സോണിനായി ക്രീസിലുള്ളത്. സെൻട്രെൽ സോണിനായി ഖലീൽ അഹമ്മദ്, സർനാഷ് ജെയിൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു. ഹർഷ് ദുബെ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Ruturaj Gaikwad scores crucial ton for West Zone