'അത് അപകടമല്ല, കൊലപാതകം': ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കൾ എലികടിയേറ്റ് മരിച്ചതിൽ രാഹുൽ ഗാന്ധി

നവജാത ശിശുക്കളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ എന്താണ് അവകാശമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു

'അത് അപകടമല്ല, കൊലപാതകം': ഇൻഡോറിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കൾ എലികടിയേറ്റ് മരിച്ചതിൽ രാഹുൽ ഗാന്ധി
dot image

ന്യൂഡല്‍ഹി: ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്‌റാവു സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ എലിയുടെ കടിയേറ്റ് നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അപകടമല്ല കൊലപാതകമാണ് സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വളരെ ഭയാനകവും മനുഷ്യത്വരഹിതവുമായ സംഭവമാണ് ഉണ്ടായതെന്നും നവജാത ശിശുക്കളുടെ മരണം കേട്ട് രക്തം പോലും മരവിച്ചുപോവുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമ്മയില്‍ നിന്ന് കുഞ്ഞ് തട്ടിയെടുക്കപ്പെട്ടിരിക്കുന്നു. അതിനുകാരണം സര്‍ക്കാര്‍ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞു.

'ആരോഗ്യമേഖലയെ മനപ്പൂര്‍വം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറി. അവിടെ ചികിത്സ സമ്പന്നര്‍ക്ക് മാത്രമുളളതാണ്. ദരിദ്രര്‍ക്കുളള സര്‍ക്കാര്‍ ആശുപത്രികള്‍ ഇപ്പോള്‍ ജീവന്‍ രക്ഷിക്കുന്ന കേന്ദ്രങ്ങളല്ല. അവ മരണത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഭരണകൂടം എപ്പോഴും പറയുന്നതുപോലെ അന്വേഷണം നടത്തും എന്ന് പറഞ്ഞൊഴിയും. പക്ഷെ ചോദ്യമിതാണ്, നവജാത ശിശുക്കളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് അധികാരത്തിലിരിക്കാന്‍ എന്താണ് അവകാശം?':രാഹുൽ ചോദിച്ചു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജയോടെ തല കുനിക്കണം. നിങ്ങളുടെ സര്‍ക്കാര്‍ രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരുടെ ആരോഗ്യ അവകാശം തട്ടിയെടുത്തു. ഇപ്പോള്‍ ആ അമ്മമാരുടെ മടിയില്‍ നിന്ന് അവരുടെ കുഞ്ഞുങ്ങളെയും. മോദിജീ, ആ മാതാപിതാക്കള്‍ക്ക് നിങ്ങള്‍ എന്ത് ഉത്തരമാണ് നല്‍കുക? ഞങ്ങള്‍ നിശബ്ദരായിരിക്കില്ല. ഈ പോരാട്ടം ഓരോ ദരിദ്രര്‍ക്കും ഓരോ കുടുംബങ്ങള്‍ക്കും ഓരോ കുഞ്ഞുങ്ങള്‍ക്കും വേണ്ടിയുളളതാണ്':രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച്ച ജനിച്ച രണ്ട് നവജാത ശിശുക്കളെയാണ് ഐസിയുവില്‍ വെച്ച് എലി കടിച്ചത്. ശിശുക്കളുടെ വിരലുകളിലും തലയിലും എലി കടിച്ചു. പരിക്കേറ്റ നിലയില്‍ കുഞ്ഞുങ്ങളെ കണ്ട നഴ്‌സുമാരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ നവജാത ശിശുക്കള്‍ക്ക് സമീപം എലികളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Content Highlights: its murder: Rahul gandhi about infants death by rat bite in indore hospital

dot image
To advertise here,contact us
dot image