
ഓണം റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ഹൃദയപൂർവ്വം 50 കോടിയിലധികം രൂപ നേടിയെന്ന് അണിയറപ്രവർത്തകർ. ആഗോളതലത്തിലാണ് ഇപ്പോൾ ചിത്രം ഇത്രയും കളക്ഷൻ നേടിയിരിക്കുന്നത്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. എമ്പുരാനും തുടരുമിനും ശേഷം മോഹന്‍ലാലിന്റെ മൂന്നാമത്തെ വിജയചിത്രമാണ് ഇതെന്നാണ് പലരും പറഞ്ഞത്.
തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
Content Highlights: Mohanlal Starrer Hridayapoorvam movie enters 50 Crore Club