നിർണായക മത്സരത്തിൽ ആലപ്പിയെ വീഴ്ത്തി; കൊല്ലം സെയിലേഴ്സ് കെസിഎൽ സെമിയിൽ

കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് പ്ലെയർ ഓഫ് ദി മാച്ച്.

നിർണായക മത്സരത്തിൽ ആലപ്പിയെ വീഴ്ത്തി; കൊല്ലം സെയിലേഴ്സ് കെസിഎൽ സെമിയിൽ
dot image

കേരള ക്രിക്കറ്റ് ലീ​ഗിൽ നിർണായക മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് കൊല്ലം സെയിലേഴ്സ് സെമിയിൽ. തോൽവിയോടെ ആലപ്പി റിപ്പിൾസ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം മൂന്നോവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് പ്ലെയർ ഓഫ് ദി മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്സേനയും എ കെ ആകർഷും ചേർന്നാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. ആകർഷ് തകർത്തടിച്ചപ്പോൾ ആദ്യ ഓവറുകളിൽ ആലപ്പിയുടെ ഇന്നിങിസ് അതിവേഗം മുന്നോട്ട് നീങ്ങി. എട്ട് റൺസെടുത്ത ജലജ് സക്സേന തുടക്കത്തിൽ തന്നെ മടങ്ങി. തുടർന്നെത്തിയ ആകാശ് പിള്ളയ്ക്കൊപ്പം ചേർന്ന് ആകർഷ് ഇന്നിങ്സ് മുന്നോട്ട് നീക്കി. എട്ടാം ഓവറിൽ സച്ചിൻ ബേബിയുടെ പന്തിൽ ആകർഷ് പുറത്തായത് ആലപ്പിയ്ക്ക് തിരിച്ചടിയായി. പിന്നീടെത്തിവർക്ക് മികച്ച റൺറേറ്റ് നിലനിർത്തായില്ല. ആകാശ് പിള്ളയും അനൂജ് ജോതിനും 33 റൺസ് വീതം നേടി.

മൂന്നോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എ ജി അമലാണ് കൊല്ലം ബൌളിങ് നിരയിൽ തിളങ്ങിയത്. പവൻ രാജ് മൂന്നോവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് ഓപണർ ഭരത് സൂര്യയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. നാല് റൺസെടുത്ത സച്ചിൻ ബേബി റണ്ണൗട്ടായി. 25 റൺസെടുത്ത അഭിഷേക് ജെ നായർ കൂടി പുറത്തായത് കൊല്ലം സെയിലേഴ്സിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ 14 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 39 റൺസെടുത്ത വിഷ്ണു വിനോദിൻ്റെ ഇന്നിങ്സ് മത്സരം കൊല്ലത്തിന് അനുകൂലമാക്കി. രാഹുൽ ശർമ 27 റൺസെടുത്തു. ഷറഫുദ്ദീൻ 13 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ആദി അഭിലാഷ് നാല് വിക്കറ്റ് വീഴ്ത്തി.

Content Highlights: Kollam Sailors defeat Alleppey in crucial match; reach KCL semi-finals

dot image
To advertise here,contact us
dot image