സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസ്; ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റ് വിക്രമസിംഗെയ്ക്ക് ജാമ്യം

ജാമ്യാപേക്ഷ പരിഗണിക്കവെ വിക്രമസിംഗെയുടെ നൂറ് കണക്കിന് അനുയായികൾ പ്രതിഷേധവുമായി കോടതിക്ക് പുറത്ത് തടിച്ച് കൂടി

dot image

കൊളംബോ: അഴിമതിക്കേസിൽ അറസ്റ്റിലായ ശ്രീലങ്ക മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്ക്ക് ജാമ്യം. കൊളംബോ കോടതിയാണ് ജാമ്യം അനുവദിച്ചത്. അധികാരത്തിലിരിക്കെ സർക്കാർഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസിൽ കഴിഞ്ഞ വെളളിയാഴ്ചയാണ് റെനിൽ വിക്രമസിംഗെ അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിക്രമസിംഗെയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഓൺലൈനായാണ് അദ്ദേഹം കോടതി നടപടികളിൽപങ്കെടുത്തത്. അതേസമയം ജാമ്യാപേക്ഷ പരിഗണിക്കവെ അദ്ദേഹത്തിന്റെ നൂറ് കണക്കിന് അനുയായികൾ പ്രതിഷേധവുമായി കോടതിക്ക് പുറത്ത് തടിച്ച് കൂടിയിരുന്നു.

ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോകാൻ സർക്കാർ ഖജനാവിൽനിന്ന് 1.66 കോടി ശ്രീലങ്കൻ രൂപ അനധികൃതമായി ചെലവാക്കിയെന്നാണ് വിക്രമസിംഗയ്‌ക്കെതിരായ കേസ്. ഒരുവർഷത്തിൽ കുറയാത്തതും 20 വർഷത്തിൽ കൂടാത്തതുമായ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്

2023 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. 2022 ജൂലായ് മുതൽ 2024 സെപ്തംബർ വരെയാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്.

ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിൽ മൊഴി രേഖപ്പെടുത്താൻ വിക്രമസിംഗെയെ ക്രിമിനൽ ഡിപ്പാർട്ട്മെന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. തുടർന്നാണ് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസിൽ ഔദ്യോഗിക സന്ദർശനം നടത്തി തിരികെയെത്തിയ ശേഷം ഭാര്യയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പൊതുപണം ഉപയോഗിച്ച് ലണ്ടനിലേക്ക് പോയെന്നാണ് കേസിൽ പറയുന്നത്.

2023ലെ ഹവാനയിൽ നടന്ന ജി77 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് വിക്രമസിംഗെ ലണ്ടനിലേക്ക് തിരിച്ചത്. വോൾവർഹാംപ്ടൺ സർവകലാശാലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഭാര്യയ്ക്കൊപ്പം പങ്കെടുത്തു. 2022നും 2024നും ഇടയിൽ വിക്രമസിംഗെ 23 വിദേശ യാത്രകൾക്കായി 600 മില്യൺ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോർട്ടുണ്ട്. ഗോതബയ രാജപക്സെയ്ക്ക് പിന്നാലെ ശ്രീലങ്കൻ പ്രസിഡന്റായ വിക്രമസിംഗെ രാജ്യത്തെ 2022ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

Content Highlights: Sri Lanka's Former President Ranil Wickremesinghe get bail in misuse of fund case

dot image
To advertise here,contact us
dot image