'ഈ ടീം ഏഷ്യ കപ്പിൽ ഇന്ത്യയെ നാണംകെടുത്തും'; ടീം പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്താൻ ടീം ഡയറക്ടർ

ഏഷ്യാ കപ്പിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വമ്പൻ പ്രസ്താവനയുമായി പാകിസ്താൻ ക്രിക്കറ്റ് ടീം ഡയറക്ടർ ആഖിബ് ജാവേദ്.

dot image

ഏഷ്യാ കപ്പിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വമ്പൻ പ്രസ്താവനയുമായി പാകിസ്താൻ ക്രിക്കറ്റ് ടീം ഡയറക്ടർ ആഖിബ് ജാവേദ്. മുൻ പാക് താരം കൂടിയായ ആഖിബ് ഈ ടീം ഇന്ത്യയെ തോൽപ്പിക്കുമെന്നും നാണംകെടുത്തി വിടുമെന്നും പറഞ്ഞു. സീനിയോറിറ്റിക്ക് പകരം പ്രകടനത്തിനും ടീമിനും മുൻഗണന നൽകിയാണ് ഇത്തവണ ടീം പ്രഖ്യാപിച്ചത്. ഈ ടീമിന് ഇന്ത്യയെ നിഷ്പ്രയാസം തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ മത്സരമാണ്. എല്ലാ കളിക്കാരനും ആരാധകർക്കും ഇത് അറിയാം'; അദ്ദേഹം കൂട്ടിച്ചേർത്തു. സൽമാൻ അലി ആഗയാണ് പാക് പടയെ നയിക്കുന്നത്. സീനിയർ‌ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്താൻ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ബാബറിന്റെയും റിസ്‌വാന്റെയും സമീപകാല ടി20 പ്രകടനങ്ങളിലെ മോശം പ്രകടനമാണ് ടീമിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണമായത്. ഇവർക്ക് പകരം ഫഖർ സമാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്, പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരെ ടീമിലുൾപ്പെടുത്തി.

സെപ്റ്റംബർ ഒൻപത് മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്ന‌ത്. ഗ്രൂപ്പ് ‘എ’യിൽ പാകിസ്താൻ ഇന്ത്യ, ഒമാൻ, യുഎഇ എന്നീ ടീമുകളുമായി ഏറ്റുമുട്ടും. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ് , ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ് , സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖിം.

Content Highlights: Pakistan's T20 team can beat India: Aqib Javed makes bold claim for Asia Cup

dot image
To advertise here,contact us
dot image