നിമിഷപ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്തതോടെ ഞങ്ങളുടെ പണി കഴിഞ്ഞു; വിശദമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാർ: കാന്തപുരം

യെമനിലെ പണ്ഡിതരുമായി വലിയ ബന്ധമാണെന്നും പണ്ഡിതർ പറഞ്ഞാൽ തലാലിൻ്റെ കുടുംബം കേൾക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

dot image

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണവുമായി സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. യെമനിലെ പണ്ഡിതരുമായി വലിയ ബന്ധമാണെന്നും പണ്ഡിതർ പറഞ്ഞാൽ തലാലിൻ്റെ കുടുംബം കേൾക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഇന്ത്യ ഗവണ്മെൻ്റിനെ മറികടന്നുകൊണ്ട് നീക്കമില്ല. ഗവണ്മെൻ്റിന് ഓരോ ദിവസവും എല്ലാ വിവരങ്ങളും നൽകി. വധശിക്ഷ റദ്ദ് ചെയ്തതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. ബാക്കി നമ്മുടെ ഗവൺമെൻ്റ് ചെയ്യുമെന്നാണ് വിശ്വാസം. വിശദമായ കാര്യങ്ങൾ ചെയ്യേണ്ടത് ഗവണ്മെൻ്റാണ്. അതുചെയ്യുമെന്ന് തന്നെയാണ് വിശ്വാസം. ഞാൻ ശുപാർശ മാത്രമാണ് ചെയ്തത്', അദ്ദേഹം പറഞ്ഞു. വധശിക്ഷ റദ്ദ് ചെയ്തു എന്നാണ് അറിയുന്നത്. മാനവികത തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മനുഷ്യത്വത്തിന് വിലകൽപിക്കിന്നുവെന്ന് ലോകത്തിന് പഠിപ്പിച്ചുകൊടുത്തു. എല്ലാവരോടും സൗഹൃദം കാണിക്കണം. മതസൗഹാർദ്ദം വായകൊണ്ട് പറഞ്ഞാൽ പോരെന്നും കാന്തപുരം വ്യക്തമാക്കി.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിയത്. ഇതിന്റെ പേരിൽ കാന്തപുരം ഏറെ വിമർശനങ്ങൾക്കിരയായിരുന്നു. ഇതിനിടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗങ്ങൾ രണ്ട് തട്ടിലായി. നിമിഷപ്രിയ വിഷയത്തിൽ ഏറെ ഉയർന്നുകേട്ട സാമുവൽ ജെറോമിനെതിരെയും വ്യാപക വിമർശനം ഉയർന്നു.

നിമിഷപ്രിയക്കായി പിരിച്ചുനൽകിയ നാൽപതിനായിരത്തോളം ഡോളർ സാമുവൽ ജെറോം എന്ത് ചെയ്തുവെന്ന ചോദ്യവുമായി ആക്ഷൻ കൗൺസിലിലെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയിരുന്നു. വധശിക്ഷ നീട്ടിയതുമായി ബന്ധപ്പെട്ടും കാന്തപുരത്തിന്റെ ഇടപെടലുമായി ബന്ധപ്പെട്ടും പ്രചരിച്ച വിഷയങ്ങൾ യെമനിലെ ചർച്ചകൾക്ക് പ്രതിസന്ധി സൃഷ്ടിച്ചതായും ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞിരുന്നു.

അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ചൂണ്ടിക്കായുള്ള ഒരു പോസ്റ്റ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നെങ്കിലും അത് പിന്നീട് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ രംഗത്തെത്തിയിരുന്നു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്‍ എത്തുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല. ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടുന്ന നടപടികളും ഉണ്ടായത്.

Content Highlights: kanthapuram ap aboobacker musliyar on Nimishapriya's release from yemen jail

dot image
To advertise here,contact us
dot image