
പ്രഭാസിന്റെ പുതിയ ചിത്രം 'ദി രാജാ സാബ്' വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ദിവസ വേതനക്കാർക്ക് കൃത്യ സമയത്ത് ശമ്പളം ലഭിച്ചില്ലെന്ന ആരോപണങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സിനിമാ ലോകത്തും ചർച്ചാ വിഷയമായിരിക്കുന്നത്. വിഷയത്തിൽ മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാക്കളായ പീപ്പിൾ മീഡിയ ഫാക്ടറി (പിഎംഎഫ്) രംഗത്തെത്തി.
കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അവർ വിശദമായ പ്രസ്താവന പുറത്തിറക്കിയത്. കഴിഞ്ഞ 12 മാസത്തിനിടെ ഏകദേശം 60 കോടി രൂപയിലധികം ദിവസ വേതനക്കാരായ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടെന്ന് പിഎംഎഫ് അറിയിച്ചു. ജൂലൈ മാസത്തിലെ ഷെഡ്യൂളിന്റെ ഭാഗമായി ഏകദേശം ഒരു കോടി രൂപ മാത്രമാണ് ഇനി നൽകാനുള്ളതെന്നും, ഈ തുക വൈകിയത് തൊഴിലാളികൾ പെട്ടെന്ന് സമരത്തിലായതുകൊണ്ടാണെന്നും അവർ വ്യക്തമാക്കി.
സിനിമാ മേഖലയിലെ പൊതുവായ രീതി അനുസരിച്ച് അടുത്ത ഷെഡ്യൂൾ തുടങ്ങുമ്പോൾ ഈ വേതനം നൽകാനാണ് കമ്പനി തീരുമാനിച്ചിരുന്നത്. എന്നാൽ തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഈ ആഴ്ച തന്നെ പണം നൽകാൻ തീരുമാനിച്ചതായും അവർ കൂട്ടിച്ചേർത്തു.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള വ്യക്തികൾ ഇടപെടുന്നത് ശരിയല്ലെന്നും പ്രസ്താവനയിൽ പിഎംഎഫ് വിമർശിച്ചു. കൂടാതെ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയൊരു രീതി നടപ്പിലാക്കുമെന്നും അവർ അറിയിച്ചു. അതനുസരിച്ച്, ഇനിമുതൽ ഇടനിലക്കാർ വഴിയുള്ള പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കും.
വേതനം ലഭിക്കാനുള്ളവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അതത് പ്രൊഡ്യൂസർമാർക്ക് തിങ്കളാഴ്ചയ്ക്കുള്ളിൽ കൈമാറണം. ഈ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഈ ആഴ്ച തന്നെ പണം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലേക്ക് അയക്കുമെന്നും പിഎംഎഫ് ഉറപ്പ് നൽകി. ഇത് സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും അഭിപ്രായപ്പെട്ടു.
സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ദി രാജാ സാബ്' ഡിസംബർ 5-ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
content highlights : Prabhas starrer 'The Raja Saab' facing controversy on not providing money to daily wagers